
പുതുതായി പരിഷ്കരിച്ച ക്ലബ് ലോകകപ്പിന് ഈ മാസം ജൂൺ 14 ന് തുടക്കമാകും. ഫിഫ സംഘടിപ്പിക്കുന്ന ക്ലബ് ലോകകപ്പ് നാലു വർഷത്തിൽ ഒരിക്കലാണ് നടക്കുന്നത് . 32 ക്ലബ്ബുകൾ കളത്തിൽ ഇറങ്ങാനിരിക്കെയാണ് ലോകകപ്പിൽ പങ്കെടുക്കില്ലായെന്ന് അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അറിയിച്ചിരിക്കുന്നത്. ഓഫറുകൾ വന്നെങ്കിലും ഒന്നും സ്വീകരിക്കില്ലയെന്നാണ് റൊണാൾഡോ പ്രതികരിച്ചത്.
ലോകകപ്പിൽ കളിക്കുവാൻ അൽ നസർ ക്ലബ് യോഗ്യത നേടിയിട്ടില്ല. ലോകകപ്പിലിറങ്ങാൻ പോർച്ചുഗൽ താരം ക്ലബ് ഉപേക്ഷിച്ച് ഇത്തിഹാദ് പോലുള്ള ക്ലബ്ബിലേക്ക് മാറുമെന്നും ആരാധകർക്കിടയിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. നസറുമായുള്ള റൊണാൾഡോയുടെ കരാർ ഈ മാസം അവസാനിക്കും. ഈ മാസത്തിന്റെ തുടക്കത്തിൽ ഫിഫ ട്രാൻസ്ഫർ വിൻഡോ ഓപ്പണാക്കിയിരുന്നു. ഈ സീസണിലെ അവസാന മത്സരത്തിന് ശേഷം അൽ നസറിലെ തന്റെ അവസാന മത്സരമാണ് ഇതെന്നും റൊണാൾഡോ അറിയിച്ചിരുന്നു.
അമേരിക്കയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ക്ലബ്ബുകൾ പങ്കെടുക്കും. അർജന്റീനിയൻ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയ്ക്ക് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here