സുല്‍ത്താന്‍ ബത്തേരിയില്‍ പിടികൂടിയത് കോളേജുകളിലുള്‍പ്പെടെ എത്തിക്കുവാനായി കടത്തിയ എംഡിഎംഎ

വയനാട്ടില്‍ വന്‍ ലഹരിമരുന്ന് വേട്ട. സുല്‍ത്താന്‍ ബത്തേരി മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നാണ് കാറില്‍ കടത്തുകയായിരുന്ന അരക്കിലോയോളം എംഡിഎംഎ പൊലീസ് പിടികൂടിയത്.

സംഭവത്തില്‍ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു. കൊടുവള്ളി സ്വദേശി മുഹമ്മദ് മിദ്‌ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജാസിം അലി, അഫ്ത്താഷ് എന്നിവരാണ് പിടിയിലായത്. ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് യുവാക്കള്‍ സഞ്ചരിച്ച കാറില്‍നിന്ന് ഡാഷ്‌ബോര്‍ഡില്‍ ഒളിപ്പിച്ചനിലയില്‍ ലഹരിമരുന്ന് കണ്ടെടുത്തത്. ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് പറഞ്ഞു.

കേരളത്തിലേക്ക് വില്‍പ്പനക്കായി കൊണ്ടുവരുന്നതിനിടെയാണ് വാഹന പരിശോധനയില്‍ പ്രതികള്‍ കുടുങ്ങിയത്. വിവിധ കോളേജുകളിലുള്‍പ്പെടെ എത്തിക്കുവാനായിരുന്നു നീക്കമെന്ന് പോലീസ് പറയുന്നു. നേരത്തേ എംഡിഎംഎ പിടികൂടിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷിച്ചുവരുന്നവരാണ് ഇന്ന് വലയിലായത്.

ബാംഗ്ലൂരില്‍ ഇവര്‍ക്ക് മറ്റ് സംഘങ്ങളുമായി ബന്ധമുണ്ടോ, മുന്‍പ് മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രത്യേകം ചെക്‌പോസ്റ്റുകള്‍ അതിര്‍ത്തികളില്‍ സ്ഥാപിച്ചാണ് പോലീസ് ഇത്തരം സിന്തറ്റിക് ലഹരി പരിശോധനകള്‍ നടത്തുന്നത്. ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎ സന്തോഷും സംഘവുമാണ് ഇന്നലെ രാത്രിമുതല്‍ മുത്തങ്ങയിലും പരിസരങ്ങളിലും പരിശോധനകള്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here