
കാൽപ്പന്തുകളിയുടെ ലോകപോരാട്ടത്തിന് കളിത്തട്ടുണരാൻ ഇനി ദിവസങ്ങൾ മാത്രം. ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ലോകകപ്പ് ആവേശത്തിലേക്ക് കടക്കുമ്പോൾ, സുരക്ഷയുടെ കാര്യത്തിൽ ഏവരെയും ഞെട്ടിച്ച് വാർത്തകളിൽ നിറയുകയാണ് മെക്സിക്കോയിലെ മോണ്ടെറി നഗരം.
സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും മെക്സിക്കോ ഒരുക്കമല്ല. ലോകമെങ്ങുമുള്ള ആരാധകർ തങ്ങളുടെ നാട്ടിലെത്തുമ്പോൾ അവരുടെ സുരക്ഷ ഉറപ്പാക്കണമല്ലോ. അതുപോലെ പ്രശ്നക്കാരായ ആരാധകരെ നിലയ്ക്കുനിർത്തുകയും വേണമല്ലോ. അതുകൊണ്ടുതന്നെ മെക്സിക്കോയിലെ ലോകകപ്പ് വേദികളായ സ്റ്റേഡിയത്തിന് ചുറ്റും പട്രോളിംഗ് നടത്താൻ പോകുന്നത് സാധാരണ പോലീസുകാരല്ല, മറിച്ച് അത്യാധുനിക റോബോട്ടിക് നായ്ക്കൾ ആയിരിക്കും! നഗരത്തിലെ ഓരോ ചലനങ്ങളും അത്യാധുനിക സെൻട്രൽ കമാൻഡ് സെന്ററിലിരുന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സദാ വീക്ഷിച്ചുകൊണ്ടിരിക്കും.
റോബോട്ടിക് നായ്ക്കൾ മാത്രമല്ല, മോണ്ടെറി പോലീസിന്റെ പക്കൽ രണ്ട് കൂറ്റൻ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും 90 സായുധ കവചിത വാഹനങ്ങളും ലോകകപ്പിന്‍റെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്. ലോകകപ്പ് വേദിയിൽ ഏത് സാഹചര്യവും നേരിടാൻ കഴിയുന്ന തരത്തിൽ ഏതാണ്ട് ഒരു യുദ്ധസമാനമായ സുരക്ഷാ വലയമാണ് മോണ്ടെറി നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
ലോകകപ്പിലെ 13 മത്സരങ്ങൾക്കാണ് മെക്സിക്കോ ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. ഇതിൽ നാല് പ്രധാന മത്സരങ്ങൾ നടക്കുന്നത് ഈ മോണ്ടെറി നഗരത്തിലാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഹൈടെക് സുരക്ഷയാണ് ഇത്തവണ മെക്സിക്കോ ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

