ലോകം വീണ്ടുമൊരു പന്തിലേക്ക് ചുരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; ഫിഫ ലോകകപ്പ് 2026 കിക്കോഫ് ഇന്ന്

kick off today

ഒരു മാസം നീളുന്ന കാത്തിരിപ്പുകൾക്കും കോടിക്കണക്കിന് ആരാധകരുടെ സ്വപ്നങ്ങൾക്കും ഇന്ന് കിക്കോഫ്. ലോകം വീണ്ടും ഒരു പന്തിലേക്ക് ചുരുങ്ങുന്ന നിമിഷത്തിന് ഇനി ണിക്കൂറുകൾ മാത്രം ആണ് ബാക്കിയുള്ളത്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026ന് ഇന്ന് ഔദ്യോഗിക തുടക്കമാവുകയാണ്. മെക്സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിലെ സ്റ്റേഡിയങ്ങൾ ഫുട്ബോളിന്റെ മഹാമാമാങ്കത്തിന് സാക്ഷിയാകാൻ ഒരുങ്ങുമ്പോൾ, കളിക്കളത്തിന് പുറത്തും വർണാഭമായ കലാവിരുന്നുകളാണ് ആരാധകരെ കാത്തിരിക്കുന്നത്.

48 ടീമുകളും, നൂറിലധികം മത്സരങ്ങളും, കോടിക്കണക്കിന് ആരാധകരും ഒരുമിക്കുന്ന ലോകകപ്പ് മഹോത്സവത്തിന് ഇന്ന് തിരിതെളിയും. ആദ്യ വിസിൽ മുഴങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് തന്നെ മൂന്ന് ആതിഥേയ രാജ്യങ്ങളിലുമുള്ള സ്റ്റേഡിയങ്ങൾ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആവേശത്തിന്റെയും വേദികളായി മാറും.

ALSO READ: ഇതിഹാസങ്ങൾ നേർക്കുനേർ: ലോകകപ്പ് വേദിയിലെ മഹാപോരാട്ടം

മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ ആസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ആദ്യ ആഘോഷം. ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്താൻ കൊളംബിയൻ പോപ്പ് സൂപ്പർതാരം ഷക്കീറ ഉൾപ്പെടെയുള്ള കലാകാരൻമാർ വേദിയിലെത്തും. ഇന്ത്യൻ സമയം രാത്രി 12.30ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ആരംഭിക്കും. ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പോരാട്ടം. സ്വന്തം മണ്ണിൽ ലോകകപ്പിന് വിജയത്തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മെക്സിക്കൻ ആരാധകർ.

അതേസമയം കാനഡയിലെ ടൊറോന്റോ സ്റ്റേഡിയത്തിലും ലോകകപ്പ് ആവേശം അലയടിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 12.30ന് കാനഡ ബോസ്നിയ ആൻഡ് ഹെർസെഗോവിനയെ നേരിടും. അതിന് മുമ്പ് രാത്രി 11 മണിക്ക് പ്രത്യേക സംഗീത-സാംസ്കാരിക പരിപാടികളും അരങ്ങേറും.

അമേരിക്കൻ മണ്ണിലെ ആദ്യ മത്സരം ഇന്ത്യൻ സമയം ജൂൺ 13ന് രാവിലെ 6.30ന് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കും. അമേരിക്കയും പരഗ്വെയും തമ്മിലുള്ള പോരാട്ടം ആതിഥേയരുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തുടക്കമിടും.

എന്നാൽ ഈ ലോകകപ്പ് വെറും മത്സരങ്ങളുടെ കഥ മാത്രമല്ല. തലമുറകളുടെ കൈമാറ്റത്തിന്റെ കഥ കൂടിയാണ്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെപ്പോലുള്ള ഇതിഹാസങ്ങൾ ഒരുപക്ഷേ അവസാനമായി ലോകകപ്പ് വേദിയിൽ ഇറങ്ങുമ്പോൾ, ലമിൻ യമാൽ, ജൂഡ് ബെല്ലിംഗ്ഹാം, ഫ്ലോറിയൻ വിർട്‌സ് തുടങ്ങിയ യുവതാരങ്ങൾ പുതിയ യുഗത്തിന്റെ മുഖങ്ങളാകാൻ ഒരുങ്ങുകയാണ്.

ബ്രസീലിന്റെ സാംബ താളവും, അർജന്റീനയുടെ കിരീട പ്രതിരോധവും, ഫ്രാൻസിന്റെ ശക്തിയും, ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളും, സ്പെയിനിന്റെ യുവത്വവും, ജർമ്മനിയുടെ പുനരുജ്ജീവന സ്വപ്നങ്ങളും, പോർച്ചുഗലിന്റെ അവസാന ദൗത്യവും ഈ ലോകകപ്പിനെ കൂടുതൽ ആവേശകരമാക്കുന്നു.

ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള രാജ്യങ്ങൾ ഒരു ലക്ഷ്യത്തിനായി ഒരേ വേദിയിൽ ഒന്നിക്കുമ്പോൾ, ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർത്തികൾ മറന്ന് മനുഷ്യരെ ഒന്നിപ്പിക്കുന്ന ശക്തിയായി ഫുട്ബോൾ വീണ്ടും മാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News