
2026 ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ സ്വപ്നമത്സരമായി ആരാധകർ കാണുന്നത് അർജന്റീനയും പോർച്ചുഗലും തമ്മിലുള്ള പോരാട്ടമാണ്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാന ലോകകപ്പ് വേദിയിലേക്ക് എത്തുമ്പോൾ, ഈ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഫൈനലിൽ കാണാനായിരുന്നു ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ആഗ്രഹം.
എന്നാൽ ടൂർണമെന്റിന്റെ നിലവിലെ നോക്കൗട്ട് സമവാക്യങ്ങൾ ആ സ്വപ്നത്തെ മറ്റൊരു വഴിയിലേക്കാണ് നയിക്കുന്നത്. തങ്ങളുടെ ഗ്രൂപ്പുകളിൽ അർജന്റീനയും പോർച്ചുഗലും ഒന്നാം സ്ഥാനക്കാരായി മുന്നേറുകയാണെങ്കിൽ, ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ വരും. അതായത് ലോകകപ്പ് കിരീടത്തിനായുള്ള കലാശപ്പോരിൽ അല്ല, മറിച്ച് അവസാന എട്ടിലെ പോരാട്ടത്തിൽ തന്നെ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള ലോകം കാത്തിരിക്കുന്ന മഹായുദ്ധത്തിന് അരങ്ങൊരുങ്ങും.
ഇരുപത് വർഷത്തിലേറെയായി ലോക ഫുട്ബോളിനെ അടക്കിവാഴുന്ന രണ്ട് മഹാന്മാർ. ക്ലബ്ബ് ഫുട്ബോളിൽ അനവധി തവണ ഏറ്റുമുട്ടിയ ഇവർക്ക് ലോകകപ്പ് വേദിയിൽ പരസ്പരം നേരിടാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ സാധ്യതാപോരാട്ടം സാധാരണ ഒരു ക്വാർട്ടർ ഫൈനൽ മാത്രമാകില്ല. ഒരു തലമുറയുടെ ഓർമ്മകളെയും വികാരങ്ങളെയും ഒരുമിച്ച് കോർത്തിണക്കുന്ന അപൂർവ നിമിഷമായിരിക്കും.
Also Read: കരുതിയിരിക്കൂ, അർജന്‍റീനയുടെ നിക്കോ പാസ് നിസാരക്കാരനല്ല!
ഫൈനലിൽ മെസ്സിയോ റൊണാൾഡോയോ ഒരാൾ മാത്രമേ എത്താൻ കഴിയൂ എന്നതാണ് ഈ സമവാക്യത്തിന്റെ മറ്റൊരു പ്രത്യേകത. അതിനാൽ ലോകകപ്പ് കിരീട സ്വപ്നത്തിലേക്ക് മുന്നേറാൻ, ഈ രണ്ട് ഇതിഹാസങ്ങളിൽ ഒരാൾക്ക് മറ്റേയാളെ മറികടക്കേണ്ടി വരും. അതോടെ ടൂർണമെന്റിന്റെ ആവേശം ഫൈനലിന് മുമ്പേ തന്നെ അതിന്റെ പരകോടിയിലെത്തുമെന്നുറപ്പാണ്.
എന്നാൽ ഇതെല്ലാം ഇപ്പോഴുള്ള ഗ്രൂപ്പ് ഘട്ട സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകൾ മാത്രമാണ്. മുന്നിലുള്ള മത്സരഫലങ്ങൾ മാറുന്നതനുസരിച്ച് നോക്കൗട്ട് ബ്രാക്കറ്റിലും മാറ്റങ്ങൾ വന്നേക്കാം. അതുകൊണ്ട് തന്നെ ലോക ഫുട്ബോൾ ആരാധകർ ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒരു ചോദ്യത്തിനുള്ള ഉത്തരമാണ്. ഗ്രൂപ്പ് ഘട്ടം ഇങ്ങനെ തന്നെ അവസാനിക്കുമോ? അങ്ങനെയെങ്കിൽ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കപ്പെടുന്ന മത്സരങ്ങളിലൊന്നായ മെസ്സി-റൊണാൾഡോ പോരാട്ടത്തിന് ക്വാർട്ടർ ഫൈനൽ വേദിയിൽ തിരശീല ഉയരുമോ?
Also Read: ഫിഫ ലോകകപ്പ് 2026: കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം; ഗ്രൂപ്പ് ഘട്ട മത്സരക്രമം ഇങ്ങനെ
ലോകം കാത്തിരിക്കുന്നു. രണ്ട് ഇതിഹാസങ്ങളുടെ ഒരുപക്ഷേ അവസാന ലോകകപ്പ് ഏറ്റുമുട്ടലിനായി.ലോക ഫുട്ബോൾ ആരാധകർ വർഷങ്ങളായി സ്വപ്നം കാണുന്ന ആ മഹാപോരാട്ടതിനായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

