
മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 89 വയസായിരുന്നു.
ഈ മാസം 12നാണ് ശ്വാസതടസം അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്നു ടി. യു. കുരുവിള. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി സേവനം അനുഷ്ഠിച്ചു.
2006, 2011 എന്നീ വർഷങ്ങളിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തുടർച്ചയായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാൻ കൂടിയാണ് അന്തരിച്ച ടി.യു. കുരുവിള.
സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ ആയും അദ്ദേഹം പ്രവർത്തിച്ചു. യാക്കോബായ സഭാംഗമായ അദ്ദേഹത്തെ ഷെവലിയർ പട്ടം നൽകി സഭാ ആദരിച്ചിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ആശുപത്രിയിൽ നിന്നും കോതമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ ചേലാട് ബസേലിയോസ് ദന്തൽ കോളേജിൽ പൊതുദർശനം നടക്കും. ശേഷം വൈകിട്ട് സെൻ്റ് സ്റ്റീഫൻ ബഥേനിയ പള്ളിയിലാണ് സംസ്കാരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

