ശ്രീകുമാർ ശേഖർ
ജി സുധാകരൻ എന്തും പറയട്ടെ.
ഒരു എംഎൽഎ സ്ഥാനം.
അത്രേയുള്ളൂ മോഹം.
അതിന്നായി ഏത് തൊപ്പിയും വെച്ച്
ആർക്കുവേണ്ടിയും തുള്ളട്ടെ.
പക്ഷേ അതിനായി സ്വന്തം സഹോദരൻ കൂടിയായ രക്തസാക്ഷിയെ തള്ളിപ്പറയും മുമ്പ് ഒന്ന് ചിന്തിക്കുക.
ആ കാലം അത്ര അകലെയല്ല.
1977 ലാണ്. രക്തലിപികളിൽ എഴുതപ്പെട്ട ആ ചരിത്രം ഉണങ്ങി മാഞ്ഞിട്ടില്ല.
ആ രക്തസാക്ഷിത്വത്തെ സംശയനിഴലിൽ ആക്കുമ്പോൾ ഒന്നോർത്തുകൊള്ളുക:
ഒട്ടും ദയയില്ലാതെയാകും ചരിത്രം നിങ്ങളോട് കണക്കുചോദിക്കുക എന്നു മാത്രം.
കോൺഗ്രസ് യോഗങ്ങളിലെ കയ്യടിക്കായി സ. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തിന് നിങ്ങൾ പല ഭാഷ്യവും ചമയ്‌ക്കുന്നുണ്ട്. പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.
മറ്റ് എസ്‌എഫ്‌ഐക്കാർ ഒപ്പം ഓടിക്കയറിയതുകൊണ്ടാണ് ഭുവനേന്ദ്രൻ കൊലചെയ്യപ്പെട്ടത് എന്നതാണ് ഒരു വാദം.
അതായത് ഭുവനേശ്വരന്റെ മരണത്തിന് ഉത്തരവാദികൾ ആ ഒപ്പമുണ്ടായിരുന്ന സഖാക്കൾ ആണത്രേ!
ഭുവനേശ്വരൻ കൊല്ലപ്പെടുമ്പോൾ എസ്‌എഫ്‌ഐയുടെ സംസ്ഥാന പ്രസിഡണ്ട് എം എ ബേബിയാണ്.
നടന്ന സംഭവങ്ങളെപ്പറ്റി ബേബിയുടെ പ്രസ്‌താവന ഭുവനേശ്വരൻ മരിച്ചതിന്റെ പിറ്റേന്ന് 1977 ഡിസംബർ എട്ടിന് ദേശാഭിമാനിയിൽ വന്നിരുന്നു.
അതിൽ പറഞ്ഞതിങ്ങനെ:
‘‘പ്രിൻസിപ്പാളിന്റെ മുറിയും മാത്തമാറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റും ഒരു കൂട്ടം കാപാലികരുടെ നിയന്ത്രണത്തിൽ കൊലയറയായി മാറ്റപ്പെടുകയാണുണ്ടായത്. ഈ മുറികളിൽ കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥികളെ പിന്തുടർന്നുചെന്ന് കതക് തല്ലിപ്പൊളിച്ച് അകത്തുകടന്ന് ഒരു മണിക്കൂറിലധികം അതിനിഷ്‌ഠുരവും മൃഗീയവുമായ മർദ്ദനമാണ് അക്രമികൾ നടത്തിയത്. മരണപ്പെട്ട ഭുവനേന്ദ്രനെയും പ്രഭാഷ്, രഘു തുടങ്ങിയവരെയും കൊലപ്പെടുത്താൻ ബോധപൂർവ്വം സംഘടിപ്പിച്ച ആക്രമണമായിരുന്നു ഇതെന്ന് ഉപയോഗിച്ച ആയുധങ്ങൾ കൊണ്ടും മർദ്ദനം നടത്തിയ രീതിയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്’’.‐ ബേബി ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ ഭുവനേശ്വരനൊപ്പം രക്ഷപ്പെടാൻ ഓടിക്കയറിയ സഖാക്കളെയാണ് കൊലപാതകത്തിന് കാരണക്കാരാക്കി സുധാകരൻ പ്രതിക്കൂട്ടിൽ കയറ്റുന്നത്.
കോൺഗ്രസിന്റെ തൊപ്പി വെക്കുന്നതിനു മൂന്നു മാസംമുമ്പ് 2025 ഡിസംബർ ഏഴിന് ഫേസ്‌ബുക്കിൽ ഇതേ സുധാകരൻ കുറിച്ച വാക്കുകൾ കൂടി കേൾക്കുക.
‘‘ജി ഭുവനേശ്വരൻ എന്റെ ഏറ്റവും ഇളയ അനുജൻ ഞങ്ങളുടെ വീട്ടിലെ അഞ്ചാമൻ. ശിരസ്സിൽ രക്തം ഇരച്ചുകയറുകയും ഹൃദയത്തിൽ വാത്സല്യവും ദുഃഖവും നിറഞ്ഞു കവിയുകയും ചെയ്യുന്നു.
പന്തളം എൻ എസ് എസ് കോളേജിൽ B A Economics രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. കെ എസ് യു, ഡി എസ് യു കാപാലികർ കാലിൽ പിടിച്ച് തല തറയിൽ അടിച്ചു മൃഗീയമായി കൊന്നത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്.
എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പതിനെട്ടാം വയസ്സിലാണ് രക്തസാക്ഷി ആയത്. പാർട്ടി അംഗമായിരുന്നു.’’
Also Read- കലോത്സവവേദികളെ കെ എസ് യു കലാപവേദികളക്കുന്നത് ഇത് ആദ്യമല്ല; ചോരപുരണ്ട കണക്കുകൾ
‘സമത്വം സ്വാതന്ത്ര്യം സോഷ്യലിസം എന്നീ ലോകാതിശായിയായ ആശയങ്ങൾ എഴുതിയ തൂവെള്ളക്കൊടിയുമായി മുന്നേറവെ അവൻ ശത്രുക്കളാൽ നിഗ്രഹിക്കപ്പെട്ടു.
രക്തസാക്ഷിക്ക് മരണമില്ലെന്നാണ് വിപ്ലവ മതം.’‐ എന്നാണ് സുധാകരൻ ആ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേ സുധാകരാ,
രക്തസാക്ഷിക്ക് മരണമില്ല.
നിങ്ങൾ എത്ര തല്ലിക്കെടുത്താൻ നോക്കിയാലും ആ സ്‌മരണ നിലനിൽക്കും.
നിങ്ങൾ പതനത്തിന്റെ പുതിയ ആഴങ്ങൾ തേടുമ്പോഴും ഭുവനേശ്വരന്റെ മഹത്വം പുതിയ നക്ഷത്രദൂരങ്ങളിലേക്ക് ഉയർന്നുകൊണ്ടേയിരിക്കും.
ഭുവനേശ്വരന്റെ ഒന്നാം രക്തസാക്ഷിദിനത്തിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ വരികൾ സുധാകരനുവേണ്ടി ഒന്നുകൂടി ഉദ്ധരിക്കാം:
‘ഉരുകിയുറച്ച കരുത്തിൻ
ചൂരൽ തട്ടി
ഉറയൂരിച്ചീറുന്ന കാറ്റിൽ
പടവില്ലുമായി കാവൽ‐
നിൽക്കുന്ന കാലമേ
ഭുവനേശ്വരൻ മരിക്കില്ല’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

