39-ാമത് അബുദാബി ശക്തി അവാർഡ്: ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം ഡോ. എ കെ നമ്പ്യാർക്ക്; ഡോ. ടി കെ സന്തോഷ്‌കുമാറിന് തായാട്ട് പുരസ്‌കാരം

abu dhabi sakthi award

മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയറ്റേഴ്‌സ് അബുദാബി ഏർപ്പെടുത്തിയ 39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു. നാടോടി വിജ്ഞാനീയം, സാഹിത്യ നിരൂപണം, പുരോഗമന സാംസ്‌കാരിക മണ്ഡലം എന്നീ മേഖലകളിൽ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന അബുദാബി ശക്തി ടികെ രാമകൃഷ്‌ണൻ പുരസ്‌കാരത്തിന് ഡോ. എ. കെ. നമ്പ്യാരെ തെരഞ്ഞെടുത്തു.

മികച്ച നിരൂപണത്തിനുള്ള അബുദാബി ശക്തി തായാട്ട് പുരസ്‌കാരം ഡോ. ടി കെ സന്തോഷ്‌കുമാറിന്റെ ‘കവിതയുടെ രാഗപൂർണ്ണിമ’ എന്ന കൃതിക്കാണ് ലഭിച്ചത്.
ഇതര സാഹിത്യത്തിനുള്ള അബുദാബി ശക്തി എരുമേലി പുരസ്കാരം കെ. എസ്. രവികുമാർ (കടമ്മനിട്ട), കെ വി സുധാകരൻ (ഒരു സമര നൂറ്റാണ്ട്) പങ്കിട്ടെടുത്തു.

ALSO READ;ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന നേട്ടത്തിൽ കേരളം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കഥ: എം മഞ്ജു (തലപ്പന്ത്), കവിത: എം ഡി രാജേന്ദ്രൻ (ശ്രാവണബളഗോള), നാടകം: അനിൽകുമാർ ആലത്തുപറമ്പ് (മഹായാനം), റഫീഖ് മംഗലശ്ശേരി (കിത്താബ്), ബാലസാഹിത്യം: ജി ശ്രീകണ്ഠൻ (മുതലക്കെട്ട്) പായിപ്ര രാധാകൃഷ്‌ണൻ (സൽക്കഥകൾ), വിഞ്ജാന സാഹിത്യം: എം ജയരാജ് (വൈക്കം സത്യഗൃഹ രേഖകൾ) എം കെ പീതാംബരൻ (മതം, മാനവികത, മാർക്‌സിസം) എന്നിവർക്കാണ് അബുദാബി ശക്തി അവാർഡുകൾ. എം. വി. ജനാർദ്ദനന്റെ പെരുമലയൻ, കെ. ആർ. അജയന്റെ സൂക്കോ കടന്ന് വടക്ക് കിഴക്ക്, ഗിരിജ പ്രദീപിന്റെ നക്ഷത്രങ്ങൾക്കിടയിൽ മിന്നാമിനുങ്ങ് എന്നീ കൃതികൾ പ്രത്യേക പുരസ്കാരങ്ങൾക്കായി തെരഞ്ഞെടുത്തു.

1987 ല്‍ ഏര്‍പ്പെടുത്തിയതാണ് അബുദാബി ശക്തി അവാര്‍ഡ്. കവിത, നോവല്‍, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം എന്നീ ശാഖകളില്‍ പെടുന്ന കൃതികള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡ് നല്‍കിവരുന്നത്. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കഴിഞ്ഞാല്‍ എല്ലാവര്‍ഷവും മലയാളത്തിലെ എല്ലാ സാഹിത്യ ശാഖകള്‍ക്കും നല്‍കിവരുന്ന ഒരേയൊരു അവാര്‍ഡാണ് അബുദാബി ശക്തി അവാര്‍ഡ്.

ALSO READ;നിരത്തിന് ഏഴഴകായി പുതിയ കെ എസ് ആര്‍ ടി സി ബസുകള്‍; മുഖ്യമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് നിര്‍വഹിക്കും

കൂടാതെ, അബുദാബി ശക്തി തിയറ്റേഴ്‌സും പ്രമുഖ സാഹിത്യ നിരൂപകന്‍ തായാട്ട് ശങ്കരന്റെ ഭാര്യ പ്രൊഫ. ഹൈമവതി തായാട്ടും സംയുക്തമായി 1989 ല്‍ ഏര്‍പ്പെടുത്തിയ അബുദാബി ശക്തി തായാട്ട് അവാര്‍ഡും, ശക്തി അവാര്‍ഡ് കമ്മിറ്റി രൂപീകരിച്ചതു മുതല്‍ 2006 വരെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായിരുന്ന മുന്‍ മന്ത്രി ടി. കെ. രാമകൃഷ്ണന്റെ സ്മരണയ്ക്കായി 2007 മുതല്‍ നല്‍കിവരുന്ന അബുദാബി ശക്തി ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരവും, 2014 മുതല്‍ ഇതര സാഹിത്യ കൃതികള്‍ക്ക് നല്‍കിവരുന്ന അബുദാബി ശക്തി എരുമേലി പുരസ്‌കാരവും ഇതോടൊപ്പം നൽകി വരുന്നു.

അബുദാബി ശക്തി അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ പി കരുണാകരന്‍, കൺവീനർ എ കെ മൂസാ മാസ്റ്റര്‍, കമ്മിറ്റി അംഗം എൻ. പ്രഭാവര്‍മ്മ എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്. 50000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് ശക്തി ടി കെ രാമകൃഷ്ണൻ അവാർഡ്. മറ്റു ജേതാക്കൾക്ക് 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News