
പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്താൻ പറയാറില്ലേ? ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ ഉളള ഒരു മാർഗമാണിത്. എല്ലാ മാക്രോ– മൈക്രോ ന്യൂട്രിയന്റുകളും പച്ചക്കറികളിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പച്ചക്കറികൾ കഴിക്കുമ്പൾ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? ഉണ്ട്, ചില പച്ചക്കറികള്‍ കഴിക്കുമ്പോൾ അൽപം ശ്രദ്ധ വേണം.
ഇല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാവുക. ചില പച്ചക്കറികള്‍ ശരിയായി പാചകം ചെയ്തില്ലെങ്കിൽ ദോഷകരമായി മാറും. ഇത്തരത്തിൽ അപകടം വരുത്തുന്ന പച്ചക്കറികൾ ഏതെല്ലാമാണെന്ന് നോക്കാം.
പച്ചനിറമുള്ള, മുളച്ച ഉരുളക്കിഴങ്ങ്

അടുക്കളയിൽ എപ്പോഴും ഉണ്ടാവുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. കുറെ ദിവസം അനക്കാതിരിക്കുമ്പോൾ ഇവയ്ക്ക് പച്ചനിറം വരുകയും മുളപൊട്ടുകയും ചെയ്യുന്നത് കാണാം. ഇവയിൽ സൊളാനിൻ എന്ന വിഷവസ്തു അടങ്ങിയിട്ടുണ്ട്. ഇത്തരം ഉരുളക്കിഴങ്ങ് പാചകം ചെയ്ത് കഴിച്ചാൽ ഉദരസംബന്ധമായ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.
വേവിക്കാത്ത വൻപയർ

പച്ച വൻപയറിൽ ഫൈറ്റോ ഹെമാഗ്ലൂട്ടിനിൻ എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വൻപയർ നന്നായി തിളപ്പിച്ച് വേവിച്ച് മാത്രം ഉപയോഗിക്കണം.
കൂൺ

പച്ചക്കറിക്കടകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നുമെല്ലാം വാങ്ങുന്ന കൂൺ ഉപദ്രവകാരികളല്ല. എന്നാൽ മരത്തിലും മറ്റും വളരുന്ന ചിലയിനം കൂണുകളിൽ വിഷാംശം ഉണ്ടാകാം. അമാനിത ഫാല്ലോയ്ഡ്സ് എന്ന ഒരിനം കൂണിൽ വറലെയേറെ വിഷാംശം അടങ്ങിയിട്ടുണ്ട്.
പച്ച കശുവണ്ടി

ഉറുഷിയോൾ എന്ന വിഷവസ്തു പച്ചക്കശുവണ്ടിയിൽ ഉണ്ട്. അതുകൊണ്ടു തന്നെ ഇവ ഉപയോഗിക്കുന്നത് നല്ലതല്ല. വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കുന്ന കശുവണ്ടി പ്രോസസ് ചെയ്തുവരുന്നതിനാൽ അവ സുരക്ഷിതമാണ്. സംസ്കരിക്കാത്ത വേവിക്കാത്ത കശുവണ്ടി കഴിച്ചാല്‍ ചൊറിച്ചിലും ചര്‍മത്തിൽ പാടുകളും പൊള്ളുന്നപോലെയുള്ള തോന്നലും ഉണ്ടായേക്കാം.
പച്ചക്കപ്പ

പച്ചക്കപ്പ കഴിക്കുന്നത് അപകടകരമാണ്. അതിൽ ലിനാമരിനും മറ്റ് സയനോജനിക് ഗ്ലൈക്കോസൈഡുകളും ഉള്ളതാണ് കാരണം. ഇവ വിഷാംശം നിറഞ്ഞ ഹൈഡ്രജൻ സയനൈഡ് ആയി വിഘടിക്കപ്പെടും. കപ്പയുടെ വേര്, തൊലി, ഇലകൾ എന്നിവ കഴിക്കുന്നതും അപകടകരമാണ്. ഇവയിൽ ലിനാമരിൻ, ലോട്ടൗസ്ട്രാലിൻ തുടങ്ങിയ വിഷാംശമുള്ള സയോജനിക് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്.
തക്കാളിയില

തക്കാളി വിഷപാദർഥം അല്ല, എന്നാൽ തക്കാളിയുടെ തണ്ടിലും ഇലകളിലും ചെറിയ തോതിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇവയിൽ കാണപ്പെടുന്ന ടൊമാറ്റൈൻ, തലവേദനയ്ക്കും തലകറക്കത്തിനും കാരണമാകും.
Aldo Read: പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഏത് കഴിക്കുന്നതാണ് നല്ലത്?
വേവിക്കാത്ത അമരപ്പയർ

അമരപ്പയർ പ്രോട്ടീന്റെ കലവറയാണ്. അതിനാൽത്തന്നെ സാലഡുകളിൽ സാധാരണയായി ഉപയോഗിക്കാറുമുണ്ട്. എന്നാൽ വേവിക്കാത്ത, പച്ച അമരപ്പയറിൽ ലിമാബീൻ ടോക്സിൻ എന്ന വിഷപദാർഥം അടങ്ങിയിട്ടുണ്ട്. കുറഞ്ഞത് പതിനഞ്ചു മിനിറ്റെങ്കിലും വേവിച്ചാലാണ് ഇത് നിർവീര്യമാക്കപ്പെടുക. കൂടിയ അളവിൽ ഇത് ശരീരത്തിലെത്തിയാൽ അപകടകരമാണ്.
ചീര

ചീരയിൽ ഓക്സാലിക് ആസിഡും നൈട്രേറ്റും ഉണ്ട്. ചീര ശരിയായി വേവിച്ചില്ലെങ്കിൽ ഈ സംയുക്തങ്ങൾ ദോഷം ചെയ്യും. വേവിക്കാത്ത ചീര കൂടുതൽ കഴിച്ചാൽ അത് ശരീരത്തിന്റെ കാത്സ്യത്തിന്റെയും അയണിന്റെയും ആഗിരണത്തെ തടസപ്പെടുത്തും. ഇത് വൃക്കയിൽ കല്ല് വരാനുള്ള സാധ്യതയും വർധിപ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


