
‘ടോപ്പ് ഗൺ: മാവെറിക്’ താരം ജെയിംസ് ഹാൻഡി കൊല്ലപ്പെട്ട നിലയിൽ. ലോസ് ഏഞ്ചൽസിലെ വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 81 വയസായിരുന്നു.
കാലിഫോർണിയയിലെ ടാർസാനയിലുള്ള വീടിന്റെ മുൻവശത്തെ മുറ്റത്ത് നെഞ്ചിൽ ഗുരുതരമായ കുത്തേറ്റ മുറിവോടെയാണ് ഹാൻഡിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. അടിയന്തര രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു നടൻ. ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഹാൻഡിയുടെ കാമുകിയുടെ മകൻ മൈക്കൽ ഗ്ലെഡ്ഹില്ലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. ഗ്ലെഡ്ഹിൽ തന്നെയാണ് വിവരം അധികൃതരെ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഞാൻ പാപത്തിന്റെ മനുഷ്യനെ കൊന്നു എന്നാണ് ഇയാൾ അധികൃതരോട് പറഞ്ഞത്.
ALSO READ: ദില്ലി പ്രൊഫസറുടെ കൊലപാതകം; മുഖംമൂടി ധരിച്ച രണ്ടുപേർ ഫ്ലാറ്റിലെത്തി, അന്വേഷണം തുടരുന്നു
അമ്മയോടൊപ്പം ഹാൻഡിയുടെ വീട്ടിലായിരുന്നു ഗ്ലെഡ്ഹില്ലും താമസിച്ചിരുന്നത്. കൊലപാതക കാരണം എന്താണെന്ന് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഗ്ലെഡ്ഹില്ലിനെ വാൻ ന്യൂസ് ജയിലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
‘ടോപ്പ് ഗൺ: മാവെറിക്ക്’ കൂടാതെ, ‘ജുമാൻജി, അരാക്നോഫോബിയ, അൺബ്രേക്കബിൾ, ലോഗൻ, എൻവൈപിഡി ബ്ലൂ, റിസോളി & ഐൽസ്, അലിയാസ്, എൻസിഐഎസ്: ലോസ് ഏഞ്ചൽസ് , ക്രിമിനൽ മൈൻഡ്സ്’ എന്നിവയിലും ജെയിംസ് ഹാൻഡി വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഹോളിവുഡ് സിനിമാലോകം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

