രാജ്യത്തിന് തന്നെ മാതൃകയാവുന്ന വിധത്തിൽ പിണറായി വിജയൻ സർക്കാർ വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമ പെൻഷനെ അവഹേളിച്ച എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പെൻഷൻ ഗുണഭോക്താക്കളായ പാവപ്പെട്ട ജനവിഭാഗങ്ങളെ വിലകുറച്ചു കാണുന്ന പ്രസ്താവനയാണ് അദ്ദേഹത്തിന്റേത് എന്നും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലമ്പൂരിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് ക്ഷേമപെൻഷൻ കൈക്കൂലിയാണെന്ന് വേണുഗോപാൽ നടത്തിയ പരാമർശം മണ്ഡലത്തിലെ പാവപ്പെട്ടവർക്കുള്ള മുന്നറിയിപ്പാണ്. യു ഡി എഫ് സാധാരണക്കാരുടെ കൂടെയല്ലെന്ന സന്ദേശമാണ് കൺവെൻഷനിലൂടെ വേണുഗോപാൽ ഉയർത്തിപ്പിടിക്കുന്നത്.
കേരളത്തിലെ പാവപ്പെട്ടവരും പിന്നോക്കക്കാരും നിരാലംബരും അവശരുമായ ജനവിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്ന സാമൂഹ്യക്ഷേമ പെൻഷൻ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിതരണം ചെയ്യാൻ നടപടികൾ കൈക്കൊള്ളുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ജനങ്ങളാകെ അഭിനന്ദിക്കുമ്പോഴാണ് പെൻഷൻ നൽകുന്നതിനെ യു ഡി എഫ് ആക്ഷേപിക്കുന്നത്. കുറച്ചുനാളുകൾ മുൻപ് യു ഡി എഫ് കൺവീനർ പറഞ്ഞത്, യു ഡി എഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷനും കുടുംബശ്രീയുമൊക്കെ നിർത്തലാക്കുമെന്നാണ്. അതിൻ്റെ തുടർച്ചയായി കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസമേകുന്ന സാമൂഹ്യക്ഷേമ പെൻഷൻ നിർത്തലാക്കുമെന്ന സൂചനയാണ് വേണുഗോപാലിൻ്റെ പ്രസംഗത്തിലൂടെ നൽകുന്നത്.
ALSO READ: നാണമുണ്ടോ കോണ്‍ഗ്രസ്സേ; അന്ന് മറിയക്കുട്ടിക്കൊപ്പം സമരം, ഇന്ന് പെന്‍ഷന്‍ കൈക്കൂലിയെന്ന് കെസി
കേരളത്തിന്റെ ജീവൻ നിലനിർത്താൻ വേണ്ടി കാർഷികമേഖലയിൽ പണിയെടുക്കുന്ന കർഷക തൊഴിലാളികളടക്കമുള്ളവർ വാർധക്യത്തിലേക്കെത്തുമ്പോൾ അവർ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാക്കിയാണ് ഇ. കെ. നായനാരുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന 1980 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ, വിപുലമായ ക്ഷേമപെൻഷൻ പദ്ധതികൾ നടപ്പിലാക്കിയത്. ആ പെൻഷൻ ഏർപ്പെടുത്തുന്ന വേളയിൽ കേരള നിയമസഭയിൽ അതിനെ എതിർത്തവരാണ് കോൺഗ്രസുകാർ. പ്രത്യുൽപ്പാദനപരമല്ലെന്നാ യിരുന്നു അന്ന് കോൺഗ്രസ്സ് നിലപാട്. ഇന്ന് വേണുഗോപാലിലൂടെ ആ ചരിത്രം തുടരുകയാണ്.
തുടക്കത്തിൽ 45 രൂപയായിരുന്നു പെൻഷൻ തുക. തുടർന്ന് ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലെത്തിയ വേളയിലെല്ലാം പെൻഷൻതുക വർധിപ്പിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം തങ്ങളുടെ പ്രകടന പത്രികയിൽ സാമൂഹ്യക്ഷേമപെൻഷൻ 1000 ആക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. തുക 1600 ആക്കി വാഗ്ദാനം ചെയ്ത തിനേക്കാൾ വർദ്ധിപ്പിക്കുകയാണ് ഒന്നാം പിണറായി സർക്കാർ ചെയ്‌തത്.
പിണറായി വിജയൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഒന്നാം എൽ ഡി എഫ് സർക്കാർ 2016 മെയ് 25 ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുത്ത അന്ന് തന്നെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ തുക 600 ൽ നിന്ന് 1000 മാക്കി വർധിപ്പിക്കാൻ തീരുമാനിച്ചു. യു ഡി എഫ് കാലത്ത് വരുത്തിയ 18 മാസത്തെ കുടിശ്ശിക കൊടുത്തുതീർക്കാനും അന്ന് തീരുമാനിച്ചു. തുടർന്ന് ആ സർക്കാർ കാലാവധി തികയ്ക്കും മുമ്പ് പെൻഷൻ തുക 1600 ആക്കി വർദ്ധിപ്പിക്കുകയും ചെയ്‌തു. കുടിശിഖ കൃത്യമായി കൊടുത്ത് തീർക്കുകയും ചെയ്തു.
2016-ൽ ഒന്നാം ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് യു ഡി എഫ് സർക്കാർ 33.99 ലക്ഷം ഗുണഭോക്താക്കളെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് ഗുണഭോക്താക്കളുടെ എണ്ണം 62 ലക്ഷത്തിലേറെയായി ഉയർത്താൻ ഇടതുപക്ഷ സർക്കാർ തയ്യാറായി. യു ഡി എഫ് ഭരണ കാലത്ത് വല്ലപ്പോഴും മാത്രം കൊടുത്ത പെൻഷൻ മാസാമാസം കൃത്യമായി കൊടുത്തത് പിണറായി സർക്കാരാണ്. നിലവിൽ കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബി ജെ പി സർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ടാണ് മൂന്നോ നാലോ മാസം കുടിശ്ശിഖയായത്. കുടിശ്ശിഖ കൊടുത്ത് തീർക്കുന്ന തിന്റെ ഭാഗമായാണ് ഇപ്പോൾ രണ്ട് മാസത്തെ പെൻഷൻ കൊടുത്തത്. തെരഞ്ഞെടുപ്പ് പ്രഖ ്യാപനം വരുന്നതിന് മുമ്പ് തന്നെ ഉത്തരവിറങ്ങിയതാണിത്. കുടിശ്ശികകൾ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഉറപ്പുനൽകിയതിന്റെ പിന്നാലെ ഇപ്പോൾ രണ്ടു മാസത്തെ കുടിശ്ശികയായി കുറച്ചു കൊണ്ടുവന്നു. വൈകാതെ കുടിശ്ശികയില്ലാതെ മുന്നോട്ടുപോകാൻ സർക്കാരിന് സാധിക്കും.
ALSO READ: ഓർമ്മതൻ മുറ്റത്ത് ഒരിക്കൽ കൂടി; ‘എന്റെ ഒരു യൂണിവേഴ്സിറ്റി തന്നെയാണെ് ഈ പ്രൈമറി സ്കൂൾ’: എം സ്വരാജ്
സാമൂഹ്യക്ഷേമ പെൻഷൻ വിതരണം മുടക്കമില്ലാതെ നടപ്പിലാക്കാൻ കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് സ്ഥാപിച്ചപ്പോൾ അതിനെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. കെ സി വേണുഗോപാലും കേരളത്തിലെ എം പിയായ പ്രിയങ്കഗാന്ധിയുമടക്കം കോൺഗ്രസിൻ്റെ നേതൃത്വം കേന്ദ്രത്തിൻ്റെ ഈ നിലപാടിനെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടില്ല. കേരളത്തെ സാമ്പത്തികമായി വേട്ടയാടുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെ ശബ്ദിക്കാതെ, സാധാരണക്കാരുടെ ജീവിതത്തിന് കൈത്താങ്ങാവുന്ന കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെതിരെ പടയൊരുക്കുന്ന കോൺഗ്രസ് പാർട്ടിയും യു ഡി എഫ് സംവിധാനവും ബി ജെ പിയുടെ ഒക്കചങ്ങാതിമാരാണ്.
പാവപ്പെട്ട ജനവിഭാഗങ്ങളെ മുഖവിലയ്ക്കെടുക്കാത്ത കോൺഗ്രസുകാരുടെയും യു.ഡി.എ ഫിന്റെയും യഥാർത്ഥ മനസ്സിലിരുപ്പ് തിരിച്ചറിയാനും അവർക്കെതിരെ നിലപാട് സ്വീകരിക്കാനും കേരള ജനതയ്ക്ക് സാധിക്കേണ്ടതുണ്ട്. നിലമ്പൂർ തെരഞ്ഞെടുപ്പിലും ഈ ജനവികാരം അലയടിക്കും. എന്നും മാധ്യമങ്ങളോട് പറഞ്ഞു.
കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഡോ. വി. ശിവദാസൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇ. ജയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

