
മലയാളികൾക്ക് മാത്രമല്ല, ബാക്കിയുള്ള ഇന്ത്യക്കാർക്കും ഒരു കൗതുക വാർത്തയായിരുന്നു, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനം എഫ് 35. അസാധാരണ ലാൻഡിംഗ് എന്നായിരുന്നു അധികൃതർ അടക്കം അന്നതിനെ വിശേഷിപ്പിച്ചത്. ദിവങ്ങൾ കഴിഞ്ഞിട്ടും വിമാനം എയർപോർട്ടിൽ തന്നെ തുടരുകയാണ്.
സാങ്കേതിക തകരാറുകളാണ് കാരണം എന്നാണ് പറയുന്നത്. വിമാനവുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേറ്റുകളും കൗതുക വാർത്തകൾ ആയിക്കൊണ്ടിരിക്കെ, ഈ സംഭവത്തെ കേരളത്തിന്റെ ടൂറിസവുമായി ബന്ധിപ്പിച്ച് വളരെ ക്രിയേറ്റിവായ ട്രോളുമായി എത്തിയിരിക്കുകയാണ് കേരള ടൂറിസം.
ALSO READ; അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതാകാം എന്ന് പ്രാഥമിക നിഗമനം
കേരവൃക്ഷങ്ങൾ തിങ്ങിയ പശ്ചാത്തലത്തിൽ, റൺവേയിൽ കിടക്കുന്ന എഫ് 35 ന്‍റെ എഐ ചിത്രത്തിനൊപ്പമുള്ള പോസ്റ്റാണ് വൈറലാകുന്നത്. ‘കേരളം ഒരു അടിപൊളി സ്ഥലമാണ്. എനിക്കിവിടുന്ന് പോകേണ്ട. തീർച്ചയായും ഞാൻ ബാക്കിയുള്ളവർക്കും റെക്കമൻഡ് ചെയ്യും’ എന്ന റിവ്യൂവിനൊപ്പം അഞ്ച് സ്റ്റാറും നൽകിയിട്ടുണ്ട്.
കേരളം, നിങ്ങൾ ഒരിക്കലും വിട്ടുപോകാൻ ആഗ്രഹിക്കാത്ത സ്ഥലം എന്ന ക്യാപ്ഷനോട് കൂടി പോസ്റ്റ് ചെയ്ത ചിത്രത്തിന് രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
അതേസമയം, യുദ്ധവിമാനം നന്നാക്കാൻ വിദഗ്ദ്ധസംഘം ഈയാഴ്ച തന്നെ തിരുവനന്തപുരത്തെത്തും. തകരാർ പരിഹരിക്കാനായില്ലെങ്കിൽ, ചിറക് അഴിച്ച് സംഘമെത്തുന്ന ഗ്ലോബ് മാസ്റ്റർ എന്ന കൂറ്റൻ വിമാനത്തിൽ കയറ്റി തിരികെ കൊണ്ടുപോകാനാണ് തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here