ശിരോവസ്ത്ര വിലക്ക്: ‘ലീഗ് കേരളത്തിനോ സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ലെന്ന് ഹിജാബ് വിഷയത്തില്‍ നിന്ന് മനസിലാക്കേണ്ടതുണ്ട്’; ഡോ. പി. സരിൻ

Dr P Sarin

ശിരോവസ്ത്ര വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി സി പി എം നേതാവ് ഡോ. പി സരിൻ. മുസ്ലിം ലീഗ് കേരളത്തിനോ സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ലെന്ന് ഹിജാബ് വിഷയത്തില്‍ നിന്ന് മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. ലീഗ് എന്ന സമുദായ പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ഒരിക്കലും ആ കുട്ടിക്ക് സ്കൂള്‍ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു. സ്കൂള്‍ അധികൃതര്‍ പറയുന്നതു കേട്ട് കുട്ടിയുടെ തട്ടമ‍ഴിക്കാൻ പ്രേരിപ്പിച്ചത് കോണ്‍ഗ്രസിൻ്റെ ജില്ലാ പ്രസിഡൻ്റാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്നവകാശപ്പെടുന്ന കോൺഗ്രസിൻ്റെ എംപി ഹൈബി ഈഡനാണ് വേട്ടക്കാരോടൊപ്പം നിന്ന് നാടകം കളിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് വോട്ടിനു വേണ്ടി എവിടേയും കമിഴ്ന്ന് വീഴാൻ മാത്രം ശീലിച്ചവർക്ക് നടു നിവർത്തി നിന്ന് അനീതിക്കെതിരേ പോരാടാൻ കഴിയുന്നില്ലെങ്കിൽ പിന്നെയാ സമുദായ സ്നേഹത്തിൻ്റെ ക്ലാസും കൊണ്ട് ഇടതുപക്ഷത്തിനെ പഠിപ്പിക്കാൻ വരരുതെന്ന് ഡോ പി സരിൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ALSO READ: മലയാളി സുഹൃത്തിൻ്റെ വീട്ടില്‍ നിന്ന് 36 പവൻ സ്വര്‍ണ്ണം കവര്‍ന്നു: ആന്ധ്ര യുവതി പിടിയില്‍

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം

മുസ്ലിം ലീഗ് എന്നൊരു പാർട്ടി കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ല എന്ന് ഹിജാബ് വിഷയത്തിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

ആ വിദ്യാർത്ഥിനിക്കും കുടുംബത്തിനും ലീഗ് എന്ന സമുദായ പാർട്ടിയിൽ നിന്നും രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെങ്കിൽ പഠിച്ചിരുന്ന സ്കൂൾ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു എന്ന് ഷാജിമാർ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്.

സ്കൂളിൻ്റെ തിട്ടൂരത്തിന് ഓശാന പാടി വിശ്വാസിയായ കുട്ടിയുടെ തട്ടമഴിക്കാൻ പ്രേരിപ്പിച്ചത് വിശ്വാസ സംരക്ഷണ പാർട്ടിയായ കോൺഗ്രസിൻ്റെ ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്നവകാശപ്പെടുന്ന കോൺഗ്രസിൻ്റെ എംപി ഹൈബി ഈഡനാണ് വേട്ടക്കാരോടൊപ്പം സന്ധി ചെയ്ത് ഒത്തുതീർപ്പ് നാടകം കളിച്ചത്.

സ്കൂളിൽ തട്ടമിട്ടുകൊണ്ട് പഠിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞു കൊണ്ടാണ് ആ പെൺകുട്ടിയും മാതാപിതാക്കളും പരാതി നൽകിയത്.

കേട്ടപാതി കേൾക്കാത്ത പാതി കോൺഗ്രസിന്റെ രണ്ട് നേതാക്കളും ഓടിവന്ന് ഒത്തുതീർപ്പ് ഉണ്ടാക്കിയത്രേ!

എന്താണ് ഒത്തുതീർപ്പിൽ പറഞ്ഞത് ? കുട്ടിയോടും കുട്ടിയുടെ മാതാപിതാക്കളോടും പറഞ്ഞു തട്ടമിടാതെ തന്നെ നിങ്ങൾക്ക് സ്കൂളിൽ പഠനം തുടരാം!!

ഭരണഘടനാപരമായ കുട്ടിയുടെ അവകാശത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത ഈ ഒത്തുതീർപ്പ് ഫോർമുല കോൺഗ്രസിൻ്റെയും ലീഗിൻ്റേയും ബി ജെ പി പേടിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

വിഷയത്തിൻ്റെ തുടക്കം മുതൽ നിലപാടിൽ ഉറച്ചുനിന്നത് വിദ്യാഭ്യാസ മന്ത്രിയാണ്; കേരളത്തിലെ സർക്കാർ സംവിധാനമാണ്. ആ വിഷയത്തെ ഇടതുപക്ഷം നേരിട്ടത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അവകാശ സംരക്ഷണത്തിൽ ഊന്നി നിന്നാണ്.

ഒരു പ്രസ്താവനയിലൂടെ എങ്കിലും വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഒരൊറ്റ കോൺഗ്രസുകാരനെയും ലീഗുകാരനെയും കണ്ടില്ല. അതും പോരാഞ്ഞ് വിദ്യാഭ്യാസ മന്ത്രി മതസ്പർദ്ധയുണ്ടാക്കുന്നു എന്നു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചത്.

ഇനി പറയാനുള്ളത് സൈബർ കോൺഗ്രസ്സുകാരോടാണ് :

നിങ്ങളുടെ നേതാക്കളുടെ കഴിഞ്ഞ ഒരാഴ്ചത്തെ FB പോസ്റ്റുകൾ എടുത്ത് നോക്കൂ.

ശബരിമലയെ കൂട്ടുപിടിച്ച് നടത്തുന്ന പ്രചരണ വേലകളിലും, നാഷണൽ ഹൈവേക്ക് വേണ്ടി

കുരിശ് മാറ്റിസ്ഥാപിച്ച വിഷയത്തിലും ഏതേത് മനുഷ്യരുടെ വിശ്വാസത്തിന് വേണ്ടിയാണോ അവർ ശബ്ദിക്കുന്നു എന്ന് വരുത്തി തീർക്കുന്നത്, അതേ ആത്മാർത്ഥത എന്തേ ഈ വിഷയത്തിൽ ഉണ്ടായില്ല ?

തട്ടം ധരിച്ചു സ്കൂളിൽ പോകുന്ന വിഷയം വന്നപ്പോൾ ‘തട്ടം ഉപേക്ഷിച്ചു വേണേൽ പഠിച്ചോളാൻ’ ആ വിദ്യാർത്ഥിയെ മാത്രമല്ല ഒരു സമുദായത്തെ മുഴുവൻ സമ്മർദ്ദത്തിലാക്കിയതും നിങ്ങളുടെ നേതാക്കൾ തന്നെയല്ലേ ?!

ഇതെല്ലാം പൊതുജനം ശ്രദ്ധിക്കുന്നുണ്ട് പ്രതിപക്ഷമേ. ഏതായാലും ഹിജാബ് വിവാദത്തിൽ ഉറക്കത്തിലായിരുന്ന മുസ്ലീം ലീഗ് എന്ന സമുദായ പാർട്ടിയുടെ നേതാക്കൾ ഓരോന്നായി ഇപ്പോൾ രംഗത്ത് വരുന്നത് അഭിനന്ദനാർഹമാണ്. ഇനിയും ഉറക്കം നടിക്കുന്ന യൂത്ത് ലീഗും MSF ഉം ഉടൻ രംഗത്ത് വരുമെന്നും കരുതാം.

നാല് വോട്ടിനു വേണ്ടി എവിടേയും കമിഴ്ന്ന് വീഴാൻ മാത്രം ശീലിച്ചവർക്ക് നടു നിവർത്തി നിന്ന് അനീതിക്കെതിരേ പോരാടാൻ ഇനിയും കഴിയുന്നില്ലെങ്കിൽ പിന്നെയാ സമുദായ സ്നേഹത്തിൻ്റെ ക്ലാസും കൊണ്ട് ഇടതുപക്ഷത്തിനെ പഠിപ്പിക്കാൻ വരരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News