കോഴിക്കോട്: സൈന്യത്തെ ഉപയോഗിച്ച് ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ കൊടുംക്രൂരവും ബുദ്ധിശൂന്യവുമായ നീക്കത്തിനെതിരെ ലോകം ഒന്നാകെ രംഗത്ത് വന്നിട്ടും, നരേന്ദ്രമോദി സർക്കാർ തുടരുന്ന ലജ്ജാവഹമായ മൗനം ആഗോള സമൂഹത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്ന് ഐഎൻഎൽ.
കഴിഞ്ഞ 20 മാസമായി അമേരിക്കയുടെ ഒത്താശയോടെ ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ, ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഫലസ്തീനികളോട് മഹാത്മാ ഗാന്ധിയുടെ കാലം തൊട്ട് തുടരുന്ന ധാർമിക നിലപാട് ചവിട്ടി മെതിക്കുകയാണെന്നും ഐഎൻഎൽ പ്രസ്താവനയിൽ പറഞ്ഞു.
ALSO READ; വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്ക് നെതന്യാഹുവിന്‍റെ സെക്യൂരിറ്റി കാബിനറ്റ് ഇതിനകം അംഗീകാരം നൽകി കഴിഞ്ഞു. 10 ലക്ഷം മനുഷ്യർ അധിവസിക്കുന്ന ഗാസാ നഗരത്തെ സൈനികമായി ചുട്ടുചാമ്പലാക്കാനും കബന്ധങ്ങൾ കുന്നു കൂട്ടാനുമുള്ള സയണിസ്റ്റ് പദ്ധതിയുടെ ലക്ഷ്യം ഫലസ്തീൻ എന്ന ചിരകാല സ്വപ്നം കരിച്ചു കളയലാണ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര പ്രഖ്യാപനത്തിന് യൂറോപ്പ്യൻ രാജ്യങ്ങളടക്കം മുന്നോട്ട് വരുന്ന ഒരു ഘട്ടത്തിലാണ് മനുഷ്യരാശിയെയും അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്, അമേരിക്കയുടെ അനുഗ്രഹത്തോടെ നെതന്യാഹു ക്രൂര നീക്കമാരംഭിച്ചിരിക്കുന്നത്. മന:സാക്ഷി മരവിക്കാത്ത മനുഷ്യർ ഇതിനെതിരെ ഏകസ്വരത്തിൽ ശബ്ദിക്കണമെന്നും സാമ്രാജ്യത്വ സയണിസ്റ്റ് പദ്ധതികൾ പരാജയപ്പെടുത്തണമെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

