മറവിരോഗമാണോ അതോ അജണ്ടയോ? ലേബർ കോഡിൽ കേരളത്തിന്റെ നിലപാടിനെ പറ്റി മനോരമ നൽകിയ വ്യാജ വാർത്ത പൊളിച്ച് മന്ത്രി വി ശിവൻകുട്ടി

Manorama Fake News about Sivankutty

കേന്ദ്ര സർക്കാർ നടപ്പാക്കിയ തൊ‍ഴിലാളി വിരുദ്ധമായ ലേബർ കോഡിനെ ശക്തമായി എതിർക്കുന്ന സംസ്ഥാനമാണ് കേരളം. കോർപ്പറേറ്റ് താത്പര്യങ്ങൾ അധിഷ്ഠിതമാക്കി രൂപീകരിച്ചിരിക്കുന്ന ലേബർ കോഡുകൾ തൊ‍ഴിലാളികൾ സമരം ചെയ്ത് നേടിയ അവകാശങ്ങളെ കാറ്റിൽ പറത്തുന്നതാണ്. ഈ വിഷയത്തിൽ കൃത്യമായ നിലപാട് കേരളത്തിലെ ഇടതു സർക്കാർ സ്വീകരിച്ചിട്ടുള്ളതുമാണ്.

എന്നാൽ വിഷയത്തിൽ പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകുകയാണ് മലയാള മനോരമ ചെയ്തത്. മനോരമയുടെ രഹസ്യ അജണ്ട വെ‍ളിപ്പെടുത്തി തൊ‍ഴിൽ മന്ത്രി വി ശിവൻകുട്ടി ഫേസ് ബുക്കിൽ പങ്കുവെച്ച പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

മറവിരോഗമാണോ അതോ അജണ്ടയോ?
ഇന്നലെ (2025 നവംബർ 26) മലയാള മനോരമയുടെ ഒന്നാം പേജിലെ പ്രധാന വാർത്ത “ലേബർ കോഡ്: മുന്നണിയും യൂണിയനുകളും അറിയാതെ കേരളത്തിൽ കരട് ചട്ടം – രഹസ്യ കോഡ്” എന്നായിരുന്നു. തൊഴിൽ മന്ത്രി അതീവ രഹസ്യമായി എന്തോ ചെയ്തുവെന്ന തരത്തിലായിരുന്നു അവതരണം.

എന്നാൽ മനോരമയ്ക്ക് സൗകര്യപൂർവ്വം മറവി ബാധിച്ച ഒരു പഴയ വാർത്ത ഞാൻ ഇവിടെ ഓർമ്മിപ്പിക്കാം.

2022 ജൂലൈ 3-ന് ഇതേ മനോരമ പ്രസിദ്ധീകരിച്ച വാർത്ത:
“സംസ്‌ഥാനത്ത് മികച്ച തൊഴിലാളി-തൊഴിലുടമ അന്തരീക്ഷം: മന്ത്രി”

2022 ജൂലൈ 2-ന് തിരുവനന്തപുരത്ത് തൊഴിൽ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്ത് ഞാൻ പറഞ്ഞ കാര്യങ്ങൾ മനോരമ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ലേബർ കോഡുകളുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനതല ചട്ടരൂപീകരണത്തിന്റെ ഭാഗമായാണ് ആ ശിൽപശാല സംഘടിപ്പിച്ചത് എന്ന് വാർത്തയിൽ വ്യക്തമായി പറയുന്നുണ്ട്.

കേന്ദ്ര നിയമങ്ങളിൽ കേരളത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായ ഘടകങ്ങളുണ്ടെന്നും, അവ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പ്രമാണങ്ങൾക്ക് നിരക്കാത്തതാണെന്നും അന്നുതന്നെ ഞാൻ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.

സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലുടമകളും ശില്പശാലയിൽ പങ്കെടുത്തു. സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ രേഖാമൂലം തങ്ങളുടെ ശക്തമായ വിയോജിപ്പുകളും നിർദ്ദേശങ്ങളും അറിയിച്ചു.

ശിൽപ്പശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും ആക്ഷേപങ്ങളും സർക്കാർ വിശദമായി പരിശോധിച്ചു. കേന്ദ്രത്തിന്റെ ഈ നാല് ലേബർ കോഡുകളും സംസ്ഥാനത്തെ തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന തൊഴിലാളി യൂണിയനുകളുടെ വികാരത്തെ സർക്കാർ സർവ്വാത്മനാ പിന്തുണച്ചു. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അതുകൊണ്ട്, ലേബർ കോഡുകൾ സംബന്ധിച്ച യാതൊരു തുടർനടപടികളും സ്വീകരിക്കേണ്ടതില്ല എന്ന് തൊഴിൽ വകുപ്പ് തീരുമാനിച്ചു.
ഈ തീരുമാനം എടുത്തതിന് ശേഷം നാളിതുവരെ സംസ്ഥാന ചട്ടങ്ങൾ സംബന്ധിച്ചോ, ലേബർ കോഡുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ചോ യാതൊരുവിധ നടപടികളിലേക്കും സർക്കാർ കടന്നിട്ടില്ല.

ഇവിടെയാണ് മനോരമയുടെ ‘മാജിക്’:
2022-ൽ: പരസ്യമായി ശിൽപശാല നടത്തി ചർച്ച ചെയ്ത കാര്യം ഉൾപ്പേജിലെ ഒരു സാധാരണ വാർത്ത.
2025-ൽ: അതേ കാര്യം ഒന്നാം പേജിൽ “മുന്നണി അറിയാത്ത രഹസ്യ നീക്കം” എന്ന പേരിൽ വലിയ സ്കൂപ്പ്.
പരസ്യമായി ശിൽപശാല നടത്തിയും ചർച്ച ചെയ്തും മുന്നോട്ട് പോകുന്ന കാര്യങ്ങളെയാണ് ‘രഹസ്യനീക്കം’ എന്ന് വിളിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നത്. 2022-ലെ ഒരു കോളം വാർത്ത 2025-ൽ എത്തുമ്പോൾ എങ്ങനെയാണ് മനോരമയ്ക്ക് ‘രഹസ്യ കോഡ്’ ആകുന്നത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News