എസ് ഐ ആർ ജനാധിപത്യത്തിന് ഭീഷണിയെന്ന് ഡോ. വി ശിവദാസൻ എംപി. പാർലമെന്റ് ശൂന്യവേളയിലാണ് വി ശിവദാസൻ എംപി എസ് ഐ ആറിനെ ശക്തമായി വിമർശിച്ചത്. ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാവുന്നതിലുള്ള അന്തരം , ഡിജിറ്റൽ ഡിവൈഡിനെ പറ്റി സംസാരിക്കവേ, രാജ്യത്ത് രൂപപ്പെടുന്ന ഡോക്യുമെൻ്റ് ഡിവൈഡിനെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരിച്ചറിയൽ രേഖയുള്ളവരും ഇല്ലാത്തവരുമായി ജനത വിഭജിക്കപ്പെടുന്ന അവസ്ഥയാണെന്ന് വി ശിവദാസൻ എം പി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിലനിൽക്കുന്ന ഡിജിറ്റൽ ഡിവൈഡ് പാർശ്വവത്കൃതരായ മനുഷ്യർ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് കൂടുതൽ വഷളാക്കുകയും ജനാധിപത്യ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
38% ഇന്ത്യൻ പൗരന്മാർ ഇന്നും ഡിജിറ്റൽ ലോകത്തിന് പുറത്താണെന്നും 43% സ്കൂളുകൾ കമ്പ്യൂട്ടറുകളില്ലാതെയും 46% സ്കൂളുകൾ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെയും പ്രവർത്തിക്കുന്നുണ്ടെന്നും ശിവദാസൻ എം പി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സൗകര്യമില്ലാതെ പിന്നാക്കം നിൽക്കുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉയർന്ന കൊഴിഞ്ഞുപോക്ക് നിരക്ക് നേരിടുന്നുണ്ട്.
ഡിജിറ്റൽ വിഭജനം വെറുമൊരു സാങ്കേതിക പ്രശ്നമല്ല, മറിച്ച് ഗുരുതരമായ സാമൂഹികവും ഭരണപരവുമായ വെല്ലുവിളിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ സംവിധാനങ്ങൾ വഴിയുള്ള ഹാജർ സമ്പ്രദായം കോടിക്കണക്കിന് ഗ്രാമീണ തൊഴിലാളികളെ ബാധിച്ചുവെന്നും ഡിജിറ്റൽ രേഖകളുടെ അഭാവം മൂലം പലർക്കും ഭക്ഷ്യസുരക്ഷയും ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വത്തിനും വോട്ടവകാശത്തിനും രേഖകൾ വേണം. രേഖകൾ ഇല്ലാതെ ദശലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഡിജിറ്റൽ വിഭജനം ഇപ്പോൾ ഒരു ഡോക്യുമെന്റ് വിഭജനമായി മാറിയിരിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എസ്‌ഐആർ അടിയന്തരമായിപുനരവലോകനം ചെയ്യാനും ഡിജിറ്റൽ വിഭജനം കാരണം ഒരു പൗരനും അവകാശങ്ങളിൽ നിന്നും സേവനങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും വി ശിവദാസൻ എം പി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

