തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. മേയർ ആക്കാമെന്ന് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു എന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വെറും കൗൺസിലർ ആയി ഒതുക്കിയെന്നും ആര്‍ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.
‘തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ല. മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണ്. എനിക്ക് മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. കൗൺസിലറായി മാത്രമല്ല ബിജെപിയുടെ മുഖം ആയിരിക്കും, മേയർ ആയി പരിഗണിക്കും എന്ന് പറഞ്ഞാണ് മത്സരിപ്പിച്ചത്’, ആര്‍ ശ്രീലേഖ തുറന്നടിച്ചു. താനാണ് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതുമെന്നും ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത് എന്നും ശാസ്തമംഗലം കൗണ്‍സിലര്‍ പറയുന്നു.
പിന്നീട് എങ്ങനെയാണ് തീരുമാനം മാറി എന്നറിയില്ലെന്നും കേന്ദ്ര-സംസ്ഥാന നേതൃത്വം എടുത്ത തീരുമാനം അംഗീകരിക്കുന്നു എന്നും ആർ ശ്രീലേഖ പറഞ്ഞു. അവസാന നിമിഷം മാത്രമാണ് വി വി രാജേഷിനെ പരിഗണിക്കുന്ന കാര്യം താൻ അറിഞ്ഞത് എന്ന് പറഞ്ഞ ആർ ശ്രീലേഖ തനിക്ക് പരിഭവമില്ലെന്നും കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

