
തൃശ്ശൂർ ഡിസിസി ജനറൽ സെക്രട്ടറി ടി എ ആന്‍റോയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫിനെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ. സനീഷ് കുമാർ സാമ്പത്തിക തിരിമറി നടത്തി തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സീറ്റുകൾ മറിച്ച് നൽകി എന്നായിരുന്നു ആന്റോ ഉന്നയിച്ച ആരോപണം. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ നിർദ്ദേശ പ്രകാരമാണ് സസ്പെൻഷൻ.
ഇതു സംബന്ധിച്ച കത്ത് ആന്റോ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അയച്ചിരുന്നു. കെ പി സി സി നൽകിയ മാർഗ നിർദ്ദേശങ്ങൾ സനീഷ് കുമാർ ജോസഫ് എംഎൽഎ കാറ്റിൽ പറത്തിയെന്നും കത്തിൽ പറഞ്ഞിരുന്നു.
ചാലക്കുടി നിയോജകമണ്ഡലത്തിലെ ഫലം നിരാശാജനകമാകും എന്നും ടി എ ആന്‍റോ കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകുന്നതിന് പകരം പാർട്ടിയെ തന്നെ ഇല്ലാതാക്കുന്ന പ്രവണതയാണ് എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കത്തിൽ ടി എ ആന്‍റോ തുറന്നടിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ സനീഷ് കുമാർ ജോസഫ് എം എൽ എ തള്ളിയിരുന്നു. ആരോപണങ്ങളിൽ പരിശോധന നടത്താതെ പതിവ് പോലെ പരാതിക്കാരനെ പുറത്താക്കുന്ന നടപടിയാണ് കോൺഗ്രസ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

