‘പി.പി.ഇ കിറ്റും മാസ്കും പ്രതിരോധ മരുന്നും ഒന്നും കിട്ടിയിട്ടില്ല; ക്വാറന്റൈനിലുള്ളവർക്ക് ആവശ്യമായ സംരക്ഷണവും മറ്റും നൽകുന്നത് നാട്ടുകാരെന്ന് എം. മെഹബൂബ്

m mehboob

കോഴിക്കോട് ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനും ആരോഗ്യവകുപ്പിനും ഗുരുതരമായ വീഴ്ച സംഭവിച്ചതായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്. ലാബ് പരിശോധനയിൽ നിപ സ്ഥിരീകരിച്ചിട്ടും രോഗവിവരങ്ങൾ പുറത്തുവിടുന്നതിലും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിലും വലിയ കാലതാമസമുണ്ടായെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലാബ് പരിശോധനയിൽ രോഗം നിപയാണെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ജില്ലാ കളക്ടർ പ്രഖ്യാപനം നടത്തിയെങ്കിലും, വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം നിരുത്തരവാദപരമാണ്. പഴയ ആരോഗ്യവകുപ്പ് മന്ത്രി കൂടിയായ പ്രദേശത്തെ എം.എൽ.എ ഡി.എം.ഒ ഓഫീസിൽ ചെന്ന് ക്വാറന്റൈനിൽ ഉള്ളവരുടെ പട്ടിക ആവശ്യപ്പെട്ടപ്പോൾ അവിടെ അത്തരമൊരു ലിസ്റ്റ് ലഭ്യമായിരുന്നില്ല. ക്വാറന്റൈനിൽ കഴിയുന്ന 27 പേർക്ക് ആവശ്യമായ സംരക്ഷണവും മറ്റും നൽകുന്നത് നിലവിൽ നാട്ടുകാരുടെ നേതൃത്വത്തിലാണ്.

ALSO READ: വയനാട് ഷി​ഗെല്ല ഭീതിയിൽ; 514 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ, രോ​ഗം സ്ഥിരീകരിച്ചത് 16 പേർക്ക്

പ്രതിരോധ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, പ്രതിരോധ മരുന്നുകൾ എന്നിവയൊന്നും ഇതുവരെ അവിടെ ലഭ്യമാക്കിയിട്ടില്ല. കൃത്യമായ നടപടികളില്ലാത്തത് ജനങ്ങൾക്കിടയിൽ വലിയ ഭീതിക്കും വിഷമത്തിനും കാരണമായിട്ടുണ്ട്. നിപ എന്ന പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ ഇതുവരെയുള്ള നടപടികൾ നിരുത്തരവാദപരമാണെന്ന് മെഹബൂബ് കുറ്റപ്പെടുത്തി. അടിയന്തരമായി ആരോഗ്യവകുപ്പ് മന്ത്രിയോ അല്ലെങ്കിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയോ നേരിട്ടെത്തി പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രോഗത്തെ തുടച്ചുനീക്കാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുമുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങൾ ഒപ്പമുണ്ടാകുമെന്നും, ഈ വിഷയത്തിൽ കക്ഷിരാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കാൻ സന്നദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News