
ഗിർ സോമനാഥ്: ഗുജറാത്ത് വെരാവലിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായ യുവതി ആത്മഹത്യ ചെയ്തു. പൊലീസെന്ന് പറഞ്ഞ് സൈബർ കുറ്റവാളികൾ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇവർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഭർത്താവാണ് വെരാവൽ പൊലീസില്‍ പരാതി നൽകിയത്. പാകിസ്ഥാനിൽ നിന്നുള്ള ഒരു വാട്ട്‌സ്ആപ്പ് നമ്പറിൽ നിന്നും മറ്റൊരു ഇന്ത്യൻ നമ്പറിൽ നിന്നും ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തുന്ന കോളുകൾ വന്നിരുന്നതായി അദ്ദേഹം പറഞ്ഞു.
പാഴ്സലുമായി ബന്ധപ്പെട്ട ഒരു കേസിൽ യുവതിക്ക് പങ്കുണ്ടെന്ന് തട്ടിപ്പുകാർ പറയുകയും പൊലീസിൻ്റെയും ആദായനികുതി വകുപ്പിൻ്റെയും പേരിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ കുടുംബത്തെ കേസിൽ കുടുക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും ഖെൻഗാർ പറഞ്ഞു.
ഭയം കാരണം യുവതി രണ്ട് ദിവസം കൊണ്ട് 1.15 ലക്ഷം രൂപ രണ്ട് യുപിഐ ഐഡികളിലേക്ക് അയച്ചു. പണം കൈക്കലാക്കിയ ശേഷവും പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും കൂടുതൽ പണം ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെ യുവതി ഓഗസ്റ്റ് 30-ന് ആത്മഹത്യാശ്രമം നടത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ആശുപത്രിയിൽ ആയിരിക്കുമ്പോഴും പ്രതികൾ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നെന്ന് ഭർത്താവ് പറഞ്ഞു.
ഭീഷണിപ്പെടുത്താനായി തട്ടിപ്പുകാർ നിരവധി വ്യാജ വീഡിയോകൾ വാട്ട്‌സ്ആപ്പ് വഴി അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

