കോഴിക്കോട് പുറമേരിയിൽ സ്കൂൾ ബസ്സിനടിയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. വടകരയിലെ സ്വകാര്യ സ്കൂൾ ബസ് കടന്നുപോകുന്നതിനിടെ ടയറിനടിയിൽ പെട്ടാണ് സ്ഫോടനമുണ്ടായത്. വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസ്സിനടിയിൽ വൻ ശബ്ദത്തോടെ സ്ഫോടനമുണ്ടായത് വലിയ പരിഭ്രാന്തി പരത്തി. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്.
ഇന്ന് രാവിലെയാണ് സംഭവം. റോഡിലുണ്ടായിരുന്ന സ്ഫോടകവസ്തു ബസ്സിന്റെ ടയറിൽ തട്ടിയ ഉടൻ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ബസ്സിനടിയിൽ നിന്ന് പുക ഉയർന്നതായും വെടിമരുന്നിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായും ഡ്രൈവർ പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ ടയറിന് കേടുപാടുകൾ സംഭവിച്ചു.
ALSO READ : ശബരിമല സ്വർണ്ണ മോഷണ കേസ്: തന്ത്രി ആചാരലംഘനത്തിനു മൗനാനുവാദം നൽകി
സംഭവമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ചിതറിക്കിടക്കുന്ന പത്രക്കടലാസിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ജനവാസ മേഖലയിലെ റോഡിൽ ഇത്തരത്തിൽ സ്ഫോടകവസ്തു എങ്ങനെയെത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

