
സിപിഐഎമ്മിൻ്റെ 24ാം പാർട്ടി കോൺഗ്രസ് നടക്കുന്ന മധുരൈ താമുക്കത്തിൻ്റെ ചരിത്രം പങ്കുവച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസ്. മധുരയിലെ തലക്കുളത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ താമുക്കം മൈതാനത്തിൻ്റെ ചരിത്രത്തിന് നാലു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. രാജ വാഴ്ച നിലനിന്നിരുന്ന കാലം മുതൽ ആരംഭിച്ച് സ്വാതന്ത്ര്യ സമര കാലത്തിന്റെ ചൂടിലൂടെ സഞ്ചരിച്ച താമുക്കത്തിന്‍റെ പോരാട്ട ചരിത്രം പാർട്ടി കോൺഗ്രസിന് കൊടിയേറാൻ എന്തുകൊണ്ടും അനുയോജ്യമായ ഇടമെന്നാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞുവക്കുന്നത്. സമ്മേളന നഗരിയിലെ ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
“ക്ഷാമവും, ദുരിതവും രോഗപീഡകളും മാത്രമാണോ നമുക്കായി മാറ്റി വെയ്ക്കപ്പെട്ടിട്ടുള്ളത്..?”
-സുബ്രഹ്മണ്യ ഭാരതി –
സിപിഐഎമ്മിൻ്റെ 24ാം പാർട്ടി കോൺഗ്രസ് ഇന്നു താമുക്കം മൈതാനിയിൽ ആരംഭിച്ചു. മധുരയിലെ തലക്കുളത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ താമുക്കം മൈതാനത്തിൻ്റെ ചരിത്രത്തിന് നാലു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. മധുര തലസ്ഥാനമാക്കി ഭരിച്ചിരുന്ന നായക് രാജവംശമാണ് ഈ മൈതാനവും അതിനോടു ചേർന്നുള്ള മനോഹരമായ കൊട്ടാരവും നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു. താമുക്കം എന്ന വാക്കിന് വേനൽക്കാല കൊട്ടാരം എന്നാണ് അർത്ഥം. നായക് രാജവംശത്തിലെ മഹാറാണിയായിരുന്ന മങ്കമാളുടെ വേനൽക്കാല വസതിയായിരുന്നു ഈ കൊട്ടാരം.
സ്വാതന്ത്ര സമര കാലത്ത് താമുക്കം മൈതാനം പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. 1946 ൽ ഗാന്ധിജി ഇവിടെ പ്രസംഗിച്ചുവെന്ന് ചരിത്രം. കൊളോണിയൽ ഭരണക്കാലത്ത് ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കൊട്ടാരത്തിൽ ഇന്ന് മഹാത്മ ഗാന്ധിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നു. തമിഴിൻ്റെ പ്രിയ കവിയും സാമൂഹ്യ പരിഷ്കരണവാദിയും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന സുബ്രഹ്മണ്യ ഭാരതി ഇവിടെ ജനാവലികളെ അഭിസംബോധന ചെയ്തിട്ടുണ്ട്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാതിവിവേചനത്തിൻ്റെ നെറികെടുകൾക്കെതിരേയും പണിയെടുക്കുന്നവനെ ചൂഷണം ചെയ്യുന്ന പുതു വ്യവസ്ഥയുടെ ദയാരാഹിത്യത്തിനെതിരേയും തൂലികയും ജീവിതവും സമർപ്പിച്ച ഭാരതിയാരുടെ ചോദ്യമാണ് ഇന്നു ഇന്ത്യയിലെ ജനസഹസ്രങ്ങൾക്കു മുന്നിലുള്ളത്.
“ക്ഷാമവും, ദുരിതവും രോഗപീഡകളും മാത്രമാണോ നമുക്കായി മാറ്റി വെയ്ക്കപ്പെട്ടിട്ടുള്ളത്..?”
സമത്വവും സമൃദ്ധിയും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും കൈവരുന്ന കാലത്തിനായുള്ള പോരാട്ടങ്ങൾ ലോകത്ത് തുടരുകയാണ്. 24ാം പാർട്ടി കോൺഗ്രസ് മനുഷ്യപോരാട്ടങ്ങളുടെ നിർണായക നാൾ വഴികളിൽ ഒന്നായി മാറുമെന്നതിൽ സംശയമില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

