
കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമായണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെ ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ പിന്നില്‍ നിന്ന് കുത്തിയ ആര്‍എസ്എസിന് ഇന്ത്യന്‍ റിപബ്ലിക്കിന്റെ ആശയപരിസരങ്ങളോട് അമര്‍ഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയര്‍ത്തിപ്പിടിക്കുവര്‍ക്ക് ദഹിക്കുന്ന സങ്കല്‍പങ്ങളല്ല ഇന്ത്യന്‍ ഭരണഘടനയും അതിന്റെ അടിസ്ഥാന തത്വങ്ങളുമെന്ന് മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.
അടിയന്തരാവസ്ഥക്കെതിരെയുള്ള വിമര്‍ശനമെന്ന വ്യാജേനെ ഭരണഘടനയുടെ ആമുഖത്തില്‍ കൈവെക്കാന്‍ ആവശ്യപ്പെടുന്നത് സംഘപരിവാര്‍ അജണ്ടയുടെ ഒളിച്ചു കടത്തലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെന്ന ആശയം രൂപപ്പെട്ടിരിക്കുന്നത് മനുസ്മൃതിയില്‍ നിന്നല്ലെന്നും മറിച്ച് ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്നും ആര്‍എസ്എസ് ഓര്‍ക്കുന്നത് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഭരണഘടനയുടെ ആമുഖത്തില്‍നിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യന്‍ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.
ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ പിന്നില്‍ നിന്ന് കുത്തിയ ആര്‍എസ്എസിന്
ഇന്ത്യന്‍ റിപബ്ലിക്കിന്റെ ആശയപരിസരങ്ങളോട് അമര്‍ഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയര്‍ത്തിപ്പിടിക്കുവര്‍ക്ക് ദഹിക്കുന്ന സങ്കല്‍പങ്ങളല്ല ഇന്ത്യന്‍ ഭരണഘടനയും അതിന്റെ അടിസ്ഥാന തത്വങ്ങളും.
ബ്രിട്ടീഷ് ഭരണകൂടത്തോട് നിര്‍ലജ്ജം മാപ്പപേക്ഷിച്ച അതേ പാരമ്പര്യമാണ് അടിയന്തരാവസ്ഥക്കാലത്തും ആര്‍എസ്എസ് പിന്തുടര്‍ന്നത്. അടിയന്തരാവസ്ഥക്കാലത്ത് നിരോധനം പിന്‍വലിക്കാന്‍ മാപ്പപേക്ഷകള്‍ നല്‍കിയത് ആര്‍എസ്എസ് സര്‍ സംഘചാലക് തന്നെയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയാണ് അക്കാലത്തവര്‍ ഇന്ദിര ഗാന്ധിക്ക് നല്‍കിയത്. ഇന്ദിര ഗാന്ധിയുടെ രാജ്യത്തോടുള്ള അഭിസംബോധനയെയും ഇരുപതിന പരിപാടിയെയും സ്വാഗതം ചെയ്തവരുടെ ഇന്നത്തെ അടിയന്തരാവസ്ഥാ വിമര്‍ശനങ്ങള്‍ അപഹാസ്യമാണ്.
അടിയന്തരാവസ്ഥക്കെതിരെയുള്ള വിമര്‍ശനമെന്ന വ്യാജേനെ ഭരണഘടനയുടെ ആമുഖത്തില്‍ കൈവെക്കാന്‍ ആവശ്യപ്പെടുന്നത് സംഘപരിവാര്‍ അജണ്ടയുടെ ഒളിച്ചു കടത്തലാണ്. ഇത് അംഗീകരിക്കാന്‍ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല. ഇന്ത്യയെന്ന ആശയം രൂപപ്പെട്ടിരിക്കുന്നത് മനുസ്മൃതിയില്‍ നിന്നല്ലെന്നും മറിച്ച് ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്നും ആര്‍എസ്എസ് ഓര്‍ക്കുന്നത് നല്ലത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here