
നിയമവിരുദ്ധ പ്രവർത്തനത്തിൽ പിടിക്കപ്പെടുന്ന വിദേശികളെ പാർപ്പിക്കുന്ന കൊല്ലത്തെ കൊട്ടിയത്തുള്ള ട്രാൻസിറ്റ് ഹോമിൽ നിന്ന് മതിൽ ചാടിപ്പോയ റക്ഷ്യക്കാരനെ കൊട്ടിയം പൊലീസ് പിടികൂടി. ഇന്ന് രാവിലെ പതിനൊന്നര മണിയോടെ റഷ്യക്കരാനായ 27 വയസുള്ള ഇലിയ ഇക്കിമോ എന്ന യുവാവാണ് മതിൽ ചാടി രക്ഷപ്പെട്ടത്. 2024-ൽ ആഗസ്റ്റിൽ എറണാകുളം മുളവക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയുടെ വിചാരണ നേരിടവെയാണ്, ട്രാൻസിറ്റ് ഹോമിന്റെ പിൻഭാഗത്തുള്ള ശൗചാലയത്തിന്റെ മുകളിലൂടെ, 10 അടിയോളം പൊക്കമുള്ള ചുറ്റുമതിലിന്‍റെ മുകളിൽ സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ള കമ്പിവേലി അതിസാഹസികമായി ചാടിയത്.
ഇയാൾ കമ്പിവേലി മറികടക്കുന്നത് ട്രാൻസിറ്റ് ഹോമിലെ സി സി ടി വി ദൃശ്യത്തിൽ ശ്രദ്ധയിൽപ്പെട്ട സുരക്ഷ ജീവനക്കാരായ പൊലീസുകാർ, തടയാൻ ശ്രമിച്ചെങ്കിലും ഇവരെ ദേഹോപദ്രവം ഏൽപ്പിച്ച് കടന്നു കളയുകയായിരുന്നു. ട്രാൻസിറ്റ് ഹോം പൊലീസ് ഇയാളെ പിൻതുടർന്ന് തെരച്ചിൽ നടത്തുകയും കൊട്ടിയം പൊലീസിന്റെ സഹായം തേടുകയും ചെയ്തു. തുടർന്ന് കൊട്ടിയം പൊലീസെത്തി ഉമയനല്ലൂർ പട്ടര്മുക്കിൽ വച്ച് പിടികൂടുകയുമായിരുന്നു.
2024-ൽ സന്ദർശന വിസയിൽ കേരളത്തിൽ എത്തിയതാണ് ഇയാൾ. വിസ കാലാവധി കഴിഞ്ഞ് മടങ്ങി പോകാനാകാതെ, കപ്പലിൽ അനധികൃതമായി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയത്. കോടതി വിചാരണയിൽ ഇരിക്കവേ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുവാൻ ശ്രമിച്ചതിന് കൊട്ടിയം പോലീസ് ഒരു കേസ് കൂടി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തു. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here