തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അടിയന്തരമായി വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ ബാലാവകാശ കമ്മീഷന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. സ്‌കൂള്‍ വളപ്പിന് പുറത്ത് കൂടി വൈദ്യുതി ലൈന്‍ മാറ്റും. അതേസമയം മന്ത്രി ചിഞ്ചുറാണി മിഥുന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചു. കുടുംബം ദുഃഖാവസ്ഥയിലാണെന്നും കുടുംബത്തിന് ഒപ്പമാണന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് ഉന്നതല യോഗം ചേര്‍ന്നുവെന്നും മന്ത്രി പറഞ്ഞു.
മാനേജ്‌മെന്റിന് എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് അധികാരം ഉണ്ട്. മിഥുന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കും. അടിയന്തര സഹായമായി മിഥുന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ ഇളയ സഹോദരന് പന്ത്രണ്ടാം ക്ലാസ് വരെ ഫീസ് ഇനത്തില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ നിന്ന് എത്തിയശേഷം കൂടുതല്‍ സഹായങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ – തേവലക്കര വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം: പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു
വിദ്യാഭ്യാസ വകുപ്പിന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യാനാണ് തീരുമാനം. നഷ്ടപ്പെട്ടത് കേരളത്തിന്റെ ഒരു മകനെയാണ്. ഈ പ്രാധാന്യം കൊണ്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മെയ്മാസം 13ന് വിശദമായ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നൊരുക്കങ്ങള്‍ ആയിരുന്നു സര്‍ക്കുലറില്‍ ഉള്ളത്. മുഖ്യമന്ത്രിയും നേരിട്ട് സുരക്ഷാസംവിധാനങ്ങളുടെ മീറ്റിങ്ങില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. ആര് എന്തുതന്നെ പറഞ്ഞാലും, ചെയ്താലും തങ്ങള്‍ക്ക് ശമ്പളം കിട്ടും എന്ന നിലപാടാണ് ചില അധ്യാപകര്‍ക്കുമെന്നും ഇത്തരം ഗുരുതരമായ പ്രശ്‌നം അംഗീകരിക്കാന്‍ കഴിയില്ല എന്നും മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ സ്‌കൂളിലെ ചുമതലയില്‍ ഉണ്ടായിരുന്ന എ ഇ ഓയില്‍ എന്ന് ഉടന്‍ വിശദീകരണം തേടും. അധിക ചുമതലയുണ്ടായിരുന്ന ആന്റണി പീറ്ററില്‍ നിന്നാണ് വിശദീകരണം തേടുക. നടപടി എടുക്കാതിരിക്കാനുള്ള കാരണം ചോദിച്ച് മാനേജ്‌മെന്റിനോട് വിശദീകരണം തേടും. നോട്ടീസിന് മാനേജ്‌മെന്റ് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

