
ഒരാളെ ചിരിപ്പുക്കുയെന്നത് അത്ര എളുപ്പമാണോ? ഒരിക്കലുമല്ല… ഒരാളെ മനസ് തുറന്ന് ചിരിപ്പിക്കുകയെന്നതിനേക്കാൾ കഠിനമായ ഒന്ന് ഇല്ലെന്ന് വേണമെങ്കിൽ പറയാം. എല്ലാം മറന്ന് നമ്മെ ചിരിപ്പിക്കാൻ കഴിയുന്നത് അങ്ങനെ ചുരുക്കം ചിലർക്ക് മാത്രമാണ്. അങ്ങനെയൊരാളായിരുന്നു മലയാളത്തിൻ്റെ പ്രിയ സലിം കുമാർ. ഒരു നോട്ടത്തിലൂടെ… ഒരു പ്രത്യേക ശബ്ദത്തിലൂടെ എന്തിന് ഒരു ചുവരിൽ പതിപ്പിച്ചിരിക്കുന്ന ചിത്രത്തിലൂടെ പോലും നമ്മെ ചിരിപ്പിക്കാൻ കഴിയുന്നയാളായിരുന്നു അദ്ദേഹം. ഏതൊരു മലയാളിയുടേയും ദൈന്യംദിന ജീവിത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ് അദ്ദേഹം.
നാം പോലുമറിയാതെ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചയാൾ, നമ്മുടെ സംസാരത്തെ ചിട്ടപ്പെടുത്തിയയാൾ. ട്രോളുകളിലൂടേയും മീമുകളിലൂടേയും മലയാളിയുടെ ഏത് വികാരത്തേയും പ്രതിഫലിപ്പിച്ച സലിം… ഹാാ ഇതൊക്കെ എന്ത് എന്ന ഡയലോഗ് പറയാത്ത മലയാളിയുണ്ടോ… ഈ സ്റ്റിക്കറില്ലാത്ത വാട്സാപ്പ് ചാറ്റുകളുണ്ടാകുമോ? സാധ്യത വിരളമാണ്. കാണാൻ ഒരു ലുക്കില്ലെന്നേ ഉള്ളൂ ഭയങ്കര ബുദ്ധിയാണ്… ഈ ഡയലോഗ് എത്ര വട്ടം ഉപയോഗിച്ചവരാണ് നമ്മളൊക്കെ. ഏത് വിജയത്തിലും ചക്ക വീണ് മുയല് ചാകുന്ന വേളയിലുമെല്ലാം നമ്മളത് ഉപയോഗിച്ചുണ്ട്.
Also read: മായാത്ത ചിരിയോർമകൾ; റെസ്റ്റ് ഇൻ സിനിമാ…
കേരളക്കരയിൽ ആക്ഷേപഹാസ്യത്തിൻ്റെ പങ്ക് വലുതാണ്. കുഞ്ചൻ നമ്പ്യാരും സഞ്ജയനുമെല്ലാം ആക്ഷേപ ഹാസ്യത്തിലൂടെ ജനങ്ങളെ ആകെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതാണ്. പിന്നീട് അതിൻ്റെ പുതിയ രൂപം സിനിമയായി. അതിലെ ഹാസ്യ കഥാപാത്രങ്ങളായി. പിന്നീട് കാലം മാറിയപ്പോൾ അത് സോഷ്യൽ മീഡിയയിലെത്തി. സോഷ്യൽ മീഡിയയിൽ ട്രോളുകളായി അവതരിച്ചു. മീമുകളായി. എന്നാൽ അവിടേയും അടക്കിവാണ വ്യക്തിയായിരുന്നു സലിം കുമാർ.
Also read: മൈ നെയിം ഇസ് പ്യാരിലാൽ…,ഇത്രയ്ക്ക് പോപ്പുലറായ എന്നെക്കണ്ടിട്ട് മനസിലായില്ലേടാ…
ട്രോളുകളുടേയും മീമുകളുടേയും മണവാളൻ… പെങ്ങളെക്കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ…. ഭവാനി ഒന്ന് മനസു വച്ചാൽ ഈ കലവറ നമുക്കൊരു മണിയറയാക്കാം…,മൈ നെയിം ഇസ് പ്യാരിലാൽ…, അയാം ഡാൻസ് മാസ്റ്റർ വിക്രം ഇത്രയ്ക്ക് പോപ്പുലറായ എന്നെക്കണ്ടിട്ട് മനസിലായില്ലേടാ…,ഇതെനിക്ക് ഭ്രാന്തായതാണോ നാട്ടുകാർക്ക് മൊത്തം ഭ്രാന്തായതാണോ… ഇവയെല്ലാം നമ്മൾ എത്രതവണ ഉപയോഗിച്ചതാണല്ലേ… എല്ലാം തകർന്നടിഞ്ഞ സാഹചര്യത്തിലും പടക്കക്കട ഗുദാ ഹുവാ എന്ന് പറയിക്കാൻ മലയാളിയെ പ്രാപ്തമാക്കിയത് സലിം കുമാറല്ലേ… ഒട്ടകത്തെ കാണുമ്പോൾ ഷേക്കിനേയും ദുഫായിയേയും ഓർമിക്കാൻ നമ്മെ പഠിപ്പിച്ചത്. അദ്ദേഹമായിരുന്നില്ലേ… റബ്ബർ കാണുമ്പോൾ കാലിൽ ചെരുപ്പിലെ വാറാണ് റബ്ബർ എന്ന് നമ്മുടെ മനസിലേക്ക് ഓടിയെത്താൻ കാരണം കഥുപറയുമ്പോളിലെ കവിയായിരുന്നില്ലേ… പ്രിയപ്പെട സലിം കുമാർ നിങ്ങൾ നിങ്ങൾ ഞങ്ങളെ ഇനിയും ഒരുപാട് കാലം ചിരിപ്പിക്കും ചിന്തിപ്പിക്കും…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

