
മുംബൈ: ഏഷ്യാകപ്പിൽ കളിക്കുന്ന മലയാളി താരത്തിന് മുന്നറിയിപ്പ് നൽകി ഇന്ത്യയുടെ മുൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്. സ്ഥിരമായി ഓപ്പണറായിരുന്ന സഞ്ജുവിനെ അഞ്ചാം നമ്പറിലേക്ക് മാറ്റിയതിൽ ആശങ്കയുണ്ടെന്നാണ് ശ്രീകാന്ത് പറയുന്നത്. സഞ്ജു, ഒന്നോ രണ്ടോ കളിയിൽ പ്രകടനം മോശമായാൽ ടീമിൽനിന്ന് പുറത്താകുമെന്നും, ആ സ്ഥാനത്തേക്ക് ശ്രേയസ് അയ്യർ വരുമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാകപ്പിൽ യുഎഇയ്ക്കെതിരെ സഞ്ജു ടീമിലുണ്ടാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മ കളിക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സഞ്ജു അന്തിമ ഇലവനിൽ എത്തി. പക്ഷേ, ഓപ്പണറായല്ല, സഞ്ജു ടീമിൽ എത്തിയത്. അഞ്ചാം നമ്പരിലായാണ് സഞ്ജുവിനെ ബാറ്റിങ് ഓർഡറിൽ ഉൾപ്പെടുത്തിയത്.
ടി20യിലെ സ്ഥിരം ഓപ്പണറായ അഭിഷേക് ശർമ്മയ്ക്കൊപ്പം, ടീമിൽ തിരിച്ചെത്തി ശുഭ്മാൻ ഗിൽ ആയിരുന്നു ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഒരു വിക്കറ്റ് മാത്രം നഷ്ടമായതിനാൽ യുഎഇയ്ക്കെതിരെ സഞ്ജു ബാറ്റു ചെയ്തിരുന്നില്ല.
ബാറ്റിങ് ഓർഡറിൽ സഞ്ജുവിനെ അഞ്ചാം നമ്പറിലേക്ക് താഴ്ത്തിയത് ശ്രേയസിന് വഴിയൊരുക്കാനാണെന്ന് ശ്രീകാന്ത് പറയുന്നു. താൻ പറയുന്നത് ശരിയാണോ തെറ്റാണോയെന്ന് അറിയില്ല. പക്ഷേ ടി20യിൽ സഞ്ജു ഇതുവരെ മധ്യനിരയിൽ കളിച്ചിട്ടില്ലെന്ന് ശ്രീകാന്ത് പറയുന്നു. അഞ്ചാം നമ്പരിൽ ബാറ്റു ചെയ്യുന്നത് സഞ്ജുവിന്‍റെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും, അതിൽ താൻ ഒട്ടും സന്തോഷവാനല്ലെന്നും ശ്രീകാന്ത് പറയുന്നു.
അന്താരാഷ്ട്ര ടി20യിൽ സഞ്ജു നേടിയ 861 റൺസിൽ 522 റൺസും ഓപ്പണറായാണ് അടിച്ചെടുത്തത്. സഞ്ജു നേടിയ മൂന്നു സെഞ്ച്വറികളും ഓപ്പണറായാണ് നേടിയത്. ബാറ്റിങ് ഓർഡറിലേക്ക് താഴേക്ക് ഇറങ്ങിയപ്പോൾ ഒന്നും സഞ്ജുവിന് തിളങ്ങാൻ സാധിച്ചിട്ടില്ല.
Also Read- ഏഷ്യാ കപ്പ് ഓപ്പണിങ്ങിൽ ചരിത്രം രചിച്ച് അഭിഷേക് ശർമ
നിലവിൽ ഇന്ത്യൻ ടീമിൽ മധ്യനിരയിൽ മികച്ച ഫിനിഷർമാരായി ഒന്നിലേറെ കളിക്കാരുണ്ട്. എന്നിട്ടും സഞ്ജുവിനെ മധ്യനിരയിൽ ഇറക്കുന്നത് അത്ഭുതമാണെന്നും ശ്രീകാന്ത് പറയുന്നു. ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും മികച്ച ഫിനിഷർമാരാണ്. അതുകൊണ്ടുതന്നെ മധ്യനിരയിൽ സഞ്ജുവിന് എന്തുചെയ്യാനാകുമെന്നാണ് ഉയരുന്ന ചോദ്യമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാകപ്പിൽ സഞ്ജു ടീമിൽ ഇടംനേടിയത് നല്ല കാര്യമാണ്. പക്ഷേ അടുത്ത വർഷം ആദ്യം നടക്കുന്ന ടി20 ലോകകപ്പിൽ അദ്ദേഹത്തിന് സ്ഥാനം നിലനിർത്താനാകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടതെന്നും ശ്രീകാന്ത് ചോദിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

