തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ഇരുപത്തിരണ്ടുകാരിയുടെ മരണം ദുരഭിമാനക്കൊല. കോയമ്പത്തൂരിലെ സർക്കാർ കോളജ് വിദ്യാർഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാർച്ച് 30നു കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ശരവണകുമാറിനെ (24) കാമനായ്ക്കൻപാളയം പൊലീസ് അറസ്‌റ്റ് ചെയ്തു. കാമുകൻ വെൺമണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യയുടെ മരണം പോലീസ് അന്വേഷിച്ചത്.
വിദ്യയുടെ സുഹൃത്തായ വെൺമണി കാമനായകൻപാളയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ, വിദ്യയുടെ കുടുംബം അവകാശപ്പെടുന്നത് പോലെ അവളുടെ മരണം ഒരു അപകടമല്ലെന്ന് ആണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം.
മാർച്ച് 30 ന് പരുവൈയിലെ വീട്ടിൽ ആണ് ദിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ക്ഷേത്രത്തിൽ പോയപ്പോൾ അലമാര ദേഹത്ത് വീണു പരുക്കേറ്റു മരിച്ചതായാണു കുടുംബം അയൽവാസികളോടും ബന്ധുക്കളോടും പറഞ്ഞത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കാതെ സമീപത്തെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
വെൺമണിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും അവരും വിദ്യയെ അടക്കം ചെയ്ത സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ ശക്തമായ ആഘാതം മൂലമാണ് മരിച്ചതെന്ന് കണ്ടെത്തി.
വിദ്യയുടെ കുടുംബത്തെ ചോദ്യം ചെയ്തപ്പോൾ, സഹോദരൻ ശരവണൻ ഇരുമ്പ് വടി കൊണ്ട് തലയിൽ അടിച്ചതായി സമ്മതിച്ചു. താഴ്ന്ന സമുദായത്തിൽപ്പെട്ട വെൺമണിയുമായി വിദ്യയ്ക്ക് ബന്ധമുണ്ടായിരുന്നതിനാലാണ് താൻ അവളെ കൊലപ്പെടുത്തിയതെന്ന് അയാൾ വെളിപ്പെടുത്തി.
സഹോദരിയുടെ പ്രണയബന്ധത്തിനു കുടുംബം എതിരായിരുന്നതായും നിരവധി തവണ താക്കീത് നൽകിയിട്ടും പ്രണയം തുടർന്നെന്നും സഹോദരൻ ശരവണകുമാർ പറഞ്ഞു. വെൺമണിയുടെ രക്ഷിതാക്കൾ വിവാഹാലോചനയുമായി വിദ്യയുടെ വീട്ടിൽ എത്തിയത് പ്രകോപിപ്പിച്ചെന്നും ശരവണകുമാറിന്റെ മൊഴിയിൽ പറയുന്നുണ്ട്. ശരവണകുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. വിദ്യയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

