പട്ടിണികിടന്നും അലഞ്ഞും അന്വേഷണം; പീഡനക്കേസ് പ്രതിയെ ദില്ലിയില്‍ നിന്നും പിടികൂടി തിരുവല്ല പൊലീസ് സ്‌ക്വാഡ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം കടത്തിക്കൊണ്ടുപോയി 17 കാരിയെ ഒന്നിലധികം തവണ ബലാല്‍സംഗത്തിനിരയാക്കിയ ശേഷം നാടുവിട്ട പ്രതിയെ ദില്ലിയില്‍ നിന്നും തിരുവല്ല പോലീസ് പിടികൂടിയത് മൂന്നുദിവസത്തെ കടുത്ത തെരച്ചിലിന് ഒടുവില്‍. കോട്ടയം മണിമല വെള്ളാവൂര്‍ ഏറത്തു വടക്കേക്കര തോട്ടപ്പള്ളി കോളനി കഴുന്നാടിയില്‍ താഴെ വീട്ടില്‍ സുബിന്‍ എന്ന കാളിദാസി(23)നെ പ്രത്യേക അന്വേഷണസംഘം വലയിലാക്കിയതിനു പിന്നില്‍ പട്ടിണിയുടെയും അലച്ചിലിന്റെയും കഷ്ടപ്പാടിന്റെയും സാഹസികതയുടെയും വ്യത്യസ്ത അനുഭവങ്ങളാണ് ഉള്ളത്.

ALSO READ: കച്ചമുറുക്കി വിജയ്! അടുത്ത തമി‍ഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഡിഎംകെ- ടിവികെ പോരാട്ടമാകുമെന്ന് പ്രഖ്യാപനം

തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. പുതിയ എസ് എച്ച് ഓ എസ് സന്തോഷ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. എസ് ഐ അജി ജോസ്, എ എസ് ഐ ജയകുമാര്‍, എസ് സി പി ഓമാരായ അഖിലേഷ്, മനോജ് കുമാര്‍, അവിനാഷ്, സി പി ഓ ടോജോ എന്നിവരടങ്ങിയ ‘ തിരുവല്ല പൊലീസ് സ്‌ക്വാഡ് ‘ പ്രതിയെ കുടുക്കിയത് നാടകീയവും ട്വിസ്റ്റുകള്‍ നിറഞ്ഞതുമായ നീക്കള്‍ക്കൊടുവിലായിരുന്നു. മറക്കാനാവാത്ത ചിലരുടെ സഹായസഹകരണങ്ങള്‍ എടുത്തുപറയേണ്ടതുമുണ്ട്. കാളിദാസിനെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിയോഗിച്ച ഈ പ്രത്യേക സംഘം അന്വേഷണം വ്യാപകമാക്കിയതിനെതുടര്‍ന്ന് പ്രതി ദില്ലിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് അവിടെയെത്തി ജില്ലാ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരഞ്ഞപ്പോള്‍ ദില്ലിയില്‍ നിന്നും 26 കിലോമീറ്റര്‍ ദൂരത്തുള്ള ബദര്‍പ്പൂറായിരുന്നു.

തുടര്‍ന്ന് സംഘം ഫരീദാബാദിലെത്തി, അവിടുത്തെ മലയാളി അസോസിയേഷന്റെ ഭാരവാഹികളെ കണ്ടു വിവരം അറിയിച്ചപ്പോള്‍ അവര്‍ മുന്‍കൈയെടുത്ത് താമസസൗകര്യവും മറ്റും ഒരുക്കികൊടുത്തു. ഭാരവാഹികളും അംഗങ്ങളും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. അതിനൊരു പ്രത്യേക കാരണം കൂടി ഉണ്ടായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു അവരില്‍ പലരും. അതുകൊണ്ടുതന്നെ പൊലീസ് സംഘത്തിന്റെ ആവശ്യങ്ങള്‍ക്കെല്ലാം അവര്‍ ഒപ്പം നിന്നു.

പിറ്റേന്ന് രാവിലെ ലഭിച്ച ലൊക്കേഷനിലെത്താന്‍ 18 കിലോമീറ്റര്‍ സഞ്ചരിക്കണമെന്ന് മനസിലാക്കി, ഉടന്‍തന്നെ അസോസിയേഷന്‍ ഭാരവാഹികള്‍ ഇടപെട്ട് സംഘത്തിന് സഞ്ചരിക്കാന്‍ രണ്ട് സ്‌കൂട്ടര്‍ സജ്ജമാക്കി. സ്‌കൂട്ടറുകളില്‍ സഞ്ചരിച്ച് ബദര്‍പ്പൂരില്‍ എത്തുമ്പോള്‍ ശരിക്കും പൊലീസ് സംഘത്തെ തന്നെ അമ്പരപ്പിക്കുന്ന സാഹചര്യമായിരുന്നു. കടല്‍ പോലെ വിശാലമായ ചേരിപ്രദേശം, അവിടെ നിന്നും എങ്ങനെ പ്രതിയെ തെരഞ്ഞുകണ്ടെത്തുമെന്ന് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടാത്ത അവസ്ഥ! സിനിമാ രംഗങ്ങളില്‍ കണ്ടിട്ടുള്ള പശ്ചാത്തലത്തിന് സമാനം. ബീഹാറികള്‍, ബംഗാള്‍ സ്വദേശികള്‍, നേപ്പാളികള്‍ ഉള്‍പ്പെടെ പലയിടങ്ങളില്‍ നിന്നുള്ള പല വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഇടകലര്‍ന്നു താമസിക്കുന്ന ചേരി. ഇവരുടെ കൂട്ടത്തില്‍ നിന്നും പ്രതിയെ കണ്ടെത്തുക അതീവ ദുഷ്‌കരമാണെന്ന് സംഘത്തിന് മനസ്സിലായി. മലയാളികള്‍ ആരെയും തന്നെ കണ്ടെത്താനുമായില്ല.

ALSO READ: ‘ഞാന്‍ അവളെ കൊന്നു’: ബംഗളൂരുവില്‍ ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി യുവാവ്, അയല്‍ക്കാരെ വിവരമറിയിച്ച് മുങ്ങി

കാളിദാസനെ നാടുവിടാന്‍ സൗകര്യം ഒരുക്കിയ വീട്ടുകാര്‍ അവിടെ കാര്യങ്ങള്‍ ഏല്‍പ്പിച്ചത് അമ്മാവന്‍ ഡെന്നിയെയായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറായിരുന്നു ഇയാള്‍. ശ്രമകരമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് സംഘം ഡെന്നിയുടെ വീട് കണ്ടെത്തി. അവിടെ എത്തി തിരക്കിയപ്പോള്‍, മുഴുവന്‍ പ്രതീക്ഷകളും അസ്തമിപ്പിക്കും വിധമുള്ള വിവരമാണ് കിട്ടിയത്. ഡെന്നി ഈ വര്‍ഷം ജനുവരി ഒന്നിന് തൂങ്ങിമരിച്ചു എന്ന വിവരമറിഞ്ഞ സംഘം സര്‍വ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലായി. പ്രതിയുടെ ഫോണ്‍ കോണ്‍ടാക്ടില്‍ ഹരിയാന ദില്ലി ഭാഗങ്ങളിലെ ആരുടേയും വിവരം കിട്ടിയില്ല, എല്ലാം മലയാളികളുടെ മാത്രമായിരുന്നു. കേരളത്തിലെ ആരെയെങ്കിലും വിളിച്ചാല്‍ പ്രതി പൊലീസ് സാന്നിധ്യം അറിഞ്ഞു രക്ഷപ്പെട്ടാലോ എന്ന് ഭയന്നു. രാത്രി വൈകി താമസസ്ഥലത്ത് തിരിച്ചെത്തിയ പൊലീസ് മനസാന്നിധ്യം വീണ്ടെടുത്തു, തുടര്‍ന്ന് സി ഡി ആര്‍ വീണ്ടും പരിശോധിച്ചു.

ഡെന്നിയുടെ ഭാര്യയെ കണ്ടാല്‍ സഹായിക്കും എന്ന് കരുതി ശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. പിറ്റേന്ന് മൂന്നാം ദിവസം രാവിലെ അന്വേഷണം തുടര്‍ന്നു. പ്രതിക്ക് താമസസൗകര്യം ഒരുക്കിയ റോയ് എന്ന ആളെ കണ്ടെത്താനായി പിന്നീടുള്ള ശ്രമം, എന്നാല്‍ അയാളുടെ വിലാസം കിട്ടിയില്ല. ഒടുവില്‍, ബദര്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ സ്‌ക്വാഡ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടി. അങ്ങനെ പ്രതിയുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു. അവിടെ ഒരു കടയില്‍ എല്ലാ ദിവസവും വൈകിട്ട് ഇയാള്‍ ബീഡി വലിക്കാനും ചായ കുടിക്കാനും വരുമെന്ന് മനസിലാക്കി. കടക്കാരനെ ഫോട്ടോ കാണിച്ച് ആളെ ഉറപ്പിച്ചതോടെ പൊലീസ് സംഘത്തിന് ആശ്വാസമായി. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചും ഉറപ്പിച്ചു.. പ്രതീക്ഷയോടെ പൊലീസ് സംഘം പലയിടങ്ങളിലായി പതുങ്ങിയിരുന്നു. രാത്രി ഒമ്പതോടെ കുറച്ചു ദൂരെ നിന്നും നടന്നുവന്ന പ്രതി കടയിലെത്തിയ ഉടനെ സംഘം വളഞ്ഞു പിടികൂടി. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറ്റി ഫരീദാബാദിലേക്ക് തിരിച്ചു.

എട്ടു മാസമായി നിരന്തരം നാട്ടിലുള്ള, ഇയാളുമായി ബന്ധപ്പെട്ട ഏകദേശം നൂറോളം പേരുടെ സി ഡി ആര്‍ പരിശോധിച്ചും, മറ്റ് അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിയും പ്രതിയിലേക്ക് എത്താന്‍ ശ്രമിച്ച് തുമ്പു കിട്ടാഞ്ഞ അന്വേഷണസംഘം ഒടുവില്‍ വിജയം കണ്ടു. ശരിക്കും പട്ടിണി കിടന്നു തന്നെയാണ് ഈ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. എങ്കിലും അവര്‍ സന്തുഷ്ടരാണ്. ഒരു സംസ്ഥാനത്തു നിന്നും മറ്റൊന്നിലേക്ക് സ്‌കൂട്ടറില്‍ പോയി പ്രതിയെ പിടികൂടി സ്‌കൂട്ടറില്‍ തന്നെ തിരിച്ചെത്തി എന്ന അപൂര്‍വതയും തിരുവല്ല പൊലീസ് സ്‌ക്വാഡ് ഈ അറസ്റ്റിലൂടെ സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News