
മധുര: തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയാണ് ടിപി രാമകൃഷ്ണൻ എന്ന രാഷ്ട്രീയ നേതാവിന്‍റെ വളർച്ച. പാർട്ടിയിലെ സംഘടനാചുമതലകളും പാർലമെന്‍ററി രംഗത്തെ അനുഭവസമ്പത്തും കടന്നും ഇടതുമുന്നണിയുടെ നേതാവായശേഷമാണ് ടിപി രാമകൃഷ്ണൻ സിപിഐഎം കേന്ദ്രകമ്മിറ്റിയിലേക്ക് വരുന്നത്. എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനുള്ള സവിശേഷമായ കഴിവാണ് അദ്ദേഹത്തിന്‍റെ പൊതുപ്രവർത്തന രംഗത്തുള്ള പ്രധാന മുഖമുദ്ര.
എൽഡിഎഫ് കൺവീനർ എന്നതിന് പുറമെ, സിപിഐഎം സെക്രട്ടേറിയറ്റ് അംഗമായും, സിഐടിയു സംസ്ഥാന പ്രസിഡന്‍റായും പേരാമ്പ്രയിൽനിന്നുള്ള നിയമസഭാംഗവും പാർലമെന്‍ററി പാർട്ടി നേതാവുമാണ് ടി പി രാമകൃഷ്ണൻ. ആദ്യ പിണറായി സർക്കാരിൽ തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രിയുമായിരുന്നു.
1949ൽ പേരാമ്പ്ര കീഴരിയൂർ നമ്പ്രത്തുകരയിലെ ഉണിച്ചിരാംവീട്ടിൽ ശങ്കരന്‍റെയും മാണിക്കത്തിന്‍റെയും മകനായാണ് ടി പി രാമകൃഷ്ൻ ജനിച്ചത്. നമ്പ്രത്ത്കര യുപി സ്കൂൾ, കൊയിലാണ്ടി ഗവ.ബോയ്സ്, നടുവത്തൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാമകൃഷ്ണൻ കോഴിക്കോട് ഗവ. ആർട്ട്സ് & സയൻസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ടി പി രാമകൃഷ്ണൻ പൊതുജീവിതം തുടങ്ങുന്നത്. 1968ൽ സിപിഐഎം അംഗമായി. 1970-ലെ എസ്.എഫ്.ഐ രൂപവത്കരണ സമ്മേളനത്തിൽ പങ്കെടുത്തു. അതിനുശേഷം കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായി.
1972ൽ ഏറെ ശ്രദ്ധേയമായ കീഴരിയൂർ മിച്ചഭൂമി സമരം നയിച്ചു. പിന്നീട് പേരാമ്പ്ര എസ്റ്റേറ്റ് ലേബർ യൂണിയൻ സെക്രട്ടറിയായി. തോട്ടം തൊഴിലാളി മേഖലയിൽ പ്രവർത്തിച്ച ടിപി രാമകൃഷ്ണൻ 18 വർഷത്തോളം സെക്രട്ടറിയും പ്രസിഡന്‍റുമായി മുതുകാട്ടിലും ചക്കിട്ടപ്പാറയിലും തൊഴിലാളികളെ സംഘടിപ്പിച്ച് സജീവമായി രംഗത്തുണ്ടായിരുന്നു.
അടിയന്തരാവസ്ഥകാലത്ത് ജയിൽവാസം അനുഭവിച്ചു. പിന്നീട് പടിപടിയായി സിപിഐഎമ്മിൽ സംഘടനാചുമതലകളിലേക്ക് വന്നു. 1980-ൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും 1990-ൽ ജില്ലാ സെക്രട്ടറിയേറ്റിലും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2005 മുതൽ 2014 വര കോഴിക്കോട് ജില്ലാ സെക്രട്ടറിയായി. 2006ൽ സംസ്ഥാനകമ്മിറ്റി അംഗവുമായി. 2001, 2016,2021 വർഷങ്ങളിൽ പേരാമ്പ്രയിൽനിന്ന് നിയമസഭയിലെത്തി. 2016 മുതൽ 2021 വരെ മന്ത്രിയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

