സ്ത്രീപക്ഷ പോരാട്ടത്തിലെ തമി‍ഴ് മുഖം; പൊളിറ്റ്ബ്യൂറോയിലെ കരുത്തുറ്റ വനിതാ സാന്നിധ്യമാകാൻ യു വാസുകി

u vasuki

തമി‍ഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് സമാന്തരമായി അടിസ്ഥാനവര്‍ഗ്ഗ തൊ‍ഴിലാളി രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട യു വാസുകി. ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ ദേശീയ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വാസുകി സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള സമരങ്ങള്‍ക്കു പുറമേ എണ്ണമറ്റ സാമൂഹ്യ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലെയും മുന്നണിപ്പോരാളിയായിരുന്നു.

‘എന്‍ ഊര്‍ ഉറൈയൂര്‍’ എന്ന പേരില്‍ ആനന്ദവികടന്‍ മാസികയിയില്‍ യു വാസുകി എ‍ഴുതിയ ഒരു അനുഭവക്കുറിപ്പുണ്ട്. ജന്മഗ്രാമമായ തിരുച്ചിറപ്പള്ളിയിലെ ഉറൈയൂരിനെക്കുറിച്ചാണത്. ചോളകാലം മുതലേയുള്ളതാണ് ഉറൈയൂരിലെ നാച്ചിയാര്‍ ക്ഷേത്രം. ശ്രീരംഗനാഥന്‍റെ അഥാവാ സാക്ഷാല്‍ ശിവന്‍റെ അവിഹിതഭാര്യ നാച്ചിയാറാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് കഥ. ഉത്സവകാലത്ത് ഭക്തർ നാച്ചിയാറിനെ കാണാൻ വരികയും അവിഹിതശ്രമത്തിന് വാഴയില കൊണ്ട് ദേവിയുടെ വിഗ്രഹത്തിൽ തലങ്ങും വിലങ്ങും അടിക്കുന്നതാണ് ആചാരം. ദൈവത്തിന് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും?

ALSO READ; ഇ.എം.എസ്സിന് ശേഷം രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഒരു മലയാളി; എം എ ബേബി സിപിഐഎം ജനറല്‍ സെക്രട്ടറി

ജന്മഗ്രാമത്തിലെ അത്യന്തം സ്ത്രീവിരുദ്ധവും സമൂഹവിരുദ്ധവുമായ അത്തരം ദുരാചാരങ്ങള്‍ക്കെതിരെ ശബ്ദിച്ചാണ് യു വാസുകിയെന്ന പോരാളിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. നാച്ചിയാര്‍ ക്ഷേത്രത്തില്‍ മാത്രമല്ല പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തിലെയും സ്ത്രീകൾക്കെതിരായ അനീതികൾക്കെതിരെ ആദ്യം ശബ്ദിച്ചത് വാസുകിയായിരുന്നു. ചെന്നൈയിലും മധുരയിലും കാഞ്ചീപുരത്തും ലൈംഗിക പീഡനത്തിനെതിരായ പ്രതിഷേധങ്ങളിലും ഉത്തപ്പുറം, പുതുക്കോട്ടൈ മേഖലകളിലെ ക്ഷേത്രപ്രവേശനത്തിനായുള്ള ദളിത് പോരാട്ടങ്ങളെയും ആളിക്കത്തിച്ചത് വാസുകിയായിരുന്നു. പടമത്തൂര്‍ ശിവഗംഗയിൽ കൊക്കകോളയ്‌ക്കെതിരായ പ്രതിഷേധത്തിലും വാസുകിയുടെ ശബ്ദം ഉയര്‍ന്നുകേട്ടു. 

സ്ത്രീ പ്രശ്‌നങ്ങളും പൗരാവകാശ പ്രശ്നങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സാമൂഹ്യ പ്രശ്നങ്ങളെ കമ്മ്യൂണിസ്റ്റ് തൊ‍ഴിലാളി രാഷ്ട്രീയവുമായി വിളക്കിച്ചേര്‍ത്തുള്ള മുന്നേറ്റങ്ങളിലൂടെയാണ് വാസുകി ജനനേതാവായത്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ ആര്‍ ഉമാനാഥിന്‍റെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപക നേതാവായ പാപ്പാ ഉമാനാഥിന്‍റെയും മകള്‍ 1977-ലാണ് പാര്‍ട്ടി അംഗമായത്. ബാങ്കുദ്യോഗം രാജിവെച്ച് 2000 മുതല്‍ മു‍ഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയായി. 2014ല്‍ നോർത്ത് ചെന്നൈയില്‍ നിന്ന് ലേക്സഭയിലേക്കും 2016ല്‍ മധുര വെസ്റ്റിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

‘നമുക്ക് സ്ത്രീവാദത്തെക്കുറിച്ച് സംസാരിക്കാം’, ‘സ്ത്രീ: അക്രമമില്ലാത്ത ജീവിതത്തിലേക്ക്’ എന്നിങ്ങനെ മലയാളീകരിക്കാവുന്ന രണ്ട് തമി‍ഴ് പുസ്തകങ്ങളുടെ കര്‍ത്താവായ ഉമാനാഥ് വാസുകി പൊളിറ്റ്ബ്യൂറോയിലെത്തുമ്പോള്‍ രാജ്യത്തെ പുരോഗമന സ്ത്രീസമൂഹത്തിനാകെ അഭിമാനിക്കാവുന്ന അംഗീകാരമാണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News