സിം കാർഡിൽ നിന്ന് സ്വർണ്ണമെടുക്കാം! ചൈനീസ് യുവാവ് നിർമ്മിച്ചത് 191 ഗ്രാം സ്വർണ്ണം; പക്ഷേ സംഗതി അപകടമാണ്

Gold from SIM cards

ഉപയോഗശൂന്യമെന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന പഴയ സിം കാർഡുകളിൽ സ്വർണ്ണമുണ്ടോ? ഉണ്ടെന്നാണ് ചൈനയിൽ നിന്നുള്ള ഒരു യുവാവ് തെളിയിച്ചിരിക്കുന്നത്. ടൺ കണക്കിന് ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സിം കാർഡുകളിൽ നിന്നും സ്വർണ്ണം വേർതിരിച്ചെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഏകദേശം 24 ലക്ഷം രൂപയോളം (2,00,000 യുവാൻ) വിലമതിക്കുന്ന 191 ഗ്രാം സ്വർണ്ണമാണ് ഇയാൾ ഇത്തരത്തിൽ നിർമ്മിച്ചെടുത്തത്.

ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള ക്വിയാവോ എന്ന യുവാവാണ് ഈ പരീക്ഷണത്തിന് പിന്നിൽ. പഴയ സിം കാർഡുകളും ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ ചിപ്പുകളും കെമിക്കലുകൾ നിറഞ്ഞ ഡ്രമ്മിലിട്ട് ശുദ്ധീകരിച്ചാണ് ഇയാൾ സ്വർണ്ണം വേർതിരിച്ചത്. ചൂടാക്കിയും രാസപ്രവർത്തനങ്ങളിലൂടെയും കടന്നുപോയ മിശ്രിതത്തിനൊടുവിൽ തിളങ്ങുന്ന സ്വർണ്ണക്കട്ടകൾ ലഭിക്കുന്നത് വീഡിയോയിൽ കാണാം. രണ്ട് ടണ്ണോളം ഇലക്ട്രോണിക് മാലിന്യങ്ങൾ ഇതിനായി ഉപയോഗിച്ചെന്ന് ക്വിയാവോ പറഞ്ഞു.

ALSO READ : കടലിനെ തോൽപ്പിച്ച കുട്ടിപ്പോരാളി; അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ കടലിലൂടെ നാല് മണിക്കൂർ നീന്തി 13-കാരൻ

വീഡിയോ വൈറലായതോടെ ചൈനയിലെ സെക്കൻഡ് ഹാൻഡ് മാർക്കറ്റുകളിൽ പഴയ സിം കാർഡുകൾക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, ഇത് കണ്ട് ആരും വീട്ടിൽ പരീക്ഷിക്കരുതെന്ന് ക്വിയാവോ കർശന മുന്നറിയിപ്പ് നൽകുന്നു. ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ അതീവ അപകടകാരിയാണെന്നും ശ്വസിച്ചാൽ ജീവൻ വരെ അപകടത്തിലായേക്കാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ലൈസൻസില്ലാതെ ഇത്തരത്തിൽ ഇലക്ട്രോണിക് അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നത് പല രാജ്യങ്ങളിലും നിയമവിരുദ്ധവുമാണ്.

സിം കാർഡുകൾ തുരുമ്പിക്കാതെ ദീർഘകാലം ഈടുനിൽക്കാനാണ് അവയുടെ ചിപ്പുകളിൽ നേരിയ അളവിൽ സ്വർണ്ണം പൂശുന്നത്. ഒരു സാധാരണ സിം കാർഡിൽ 0.001 ഗ്രാമിൽ താഴെ മാത്രമേ സ്വർണ്ണമുണ്ടാകൂ. അതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് സിം കാർഡുകൾ ശേഖരിച്ചാൽ മാത്രമേ ഗണ്യമായ അളവിൽ സ്വർണ്ണം ലഭിക്കൂ എന്നതാണ് യാഥാർത്ഥ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News