
പശ്ചിമേഷ്യയിൽ ഇറാൻ – ഇസ്രയേൽ സംഘർഷം ഉടൻ അവസാനിക്കുമെന്നും ഇരുരാജ്യങ്ങളും പൂർണ്ണമായ വെടിനിർത്തലിന് സമ്മതിച്ചതായും പ്രഖ്യാപിച്ച് യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ 24 മണിക്കൂറിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തെ അദ്ദേഹം “12 ദിവസത്തെ യുദ്ധം” എന്നാണ് വിശേഷിപ്പിച്ചത്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ്, സംഘർഷം ‘ഔദ്യോഗികമായി’ അവസാനിച്ചതായി പ്രഖ്യാപിച്ചത്. എന്നാൽ, ഇറാനോ ഇസ്രയേലോ ട്രംപിന്റെ ‘വെടിനിർത്തൽ’ പ്രഖ്യാപനത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO READ;ഖത്തറും യു എ ഇയും ബഹറൈനും കുവൈറ്റും വ്യോമപാത തുറന്നു
യുദ്ധം അവസാനിപ്പിക്കാനുള്ള ധൈര്യവും ബുദ്ധിയും കാണിച്ചതിന് ഇസ്രയേലിനെയും ഇറാനെയും അഭിനന്ദിക്കാനും ട്രംപ് മറന്നില്ല. ഇപ്പോൾ നിർത്തിയില്ല എങ്കിൽ, ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം വർഷങ്ങളോളം തുടർന്നേനെ എന്നും അത് മിഡിൽ ഈസ്റ്റിനെ നശിപ്പിക്കുമായിരുന്നുവെന്നും ട്രംപ് പോസ്റ്റിൽ പറഞ്ഞു.
അതേസമയം, ഖത്തർ, യു എ ഇ, ബഹറൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ അടച്ച വ്യോമപാത തുറന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഈ രാജ്യങ്ങൾ അറിയിച്ചു. ഇറാൻ ആക്രമണ ഭീഷണിയുള്ളതിനാലാണ് വ്യോമപാത അടച്ചിട്ടിരുന്നത്. അതേസമയം, ചില വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്.
തങ്ങളുടെ ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് പകരമായി ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈൽ ആക്രമണം നടത്തിയിരുന്നു. പത്തോളം മിസൈലുകള്‍ ഇറാന്‍ തൊടുത്തതായി റൊയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടർന്നാണ് വ്യോമപാതകൾ അടച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here