എന്ന് നിർത്തും നുണപ്രചാരണം? പിഎം ശ്രീ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് കേരളം കത്തയച്ചിരുന്നു, ഇല്ലെന്നത് മുഖ്യമന്ത്രിയുടെ കള്ളം, കേന്ദ്രത്തിന്റെ മറുപടിക്കത്ത് പുറത്തുവിട്ട് വി ശിവൻകുട്ടി

V Sivankutty releases the Centre's reply letter on the PM SHRI scheme

പിഎം ശ്രീ പദ്ധതി നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ച കാര്യത്തിൽ മുഖ്യമന്ത്രി പറയുന്നത് കള്ളമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനം കത്തയച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ സംസ്ഥാന സർക്കാരിന് കേന്ദ്രം അയച്ച മറുപടിക്കത്ത് വി ശിവൻകുട്ടി പുറത്തുവിട്ടു. ഒപ്പിട്ടതോടെ പദ്ധതി നടപ്പായെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പദ്ധതി നടപ്പാക്കണമെന്നാണ് കേന്ദ്രം കത്തിലൂടെ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ പദ്ധതി യാഥാർത്ഥ്യമായി എന്ന നുണ പ്രചരിപ്പിച്ച് പി എം ശ്രീ നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. പിഎം ശ്രീ നടപ്പിലാക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. അങ്ങനെയൊരു കത്ത് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ സംസ്ഥാനം അയച്ച കത്തിനുള്ള കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ മറുപടിക്കത്ത് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുറത്തുവിട്ടു.

സംസ്ഥാനം ഒപ്പിട്ടതോടെ പിഎം ശ്രീ പദ്ധതി നടപ്പായെന്നാണ് യുഡിഎഫിന്റെ വാദം. എന്നാൽ പിഎം ശ്രീ പദ്ധതിയുടെ കാലാവധി കഴിയാറായി എന്നും ഉടൻ സംസ്ഥാനം ഇത് നടപ്പാക്കണം എന്നുമാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. പദ്ധതി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ ഈ ആവശ്യം. പദ്ധതി നടപ്പിലായെങ്കിൽ വീണ്ടും നടപ്പാക്കണം എന്ന് സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെടേണ്ട കാര്യമെന്തെന്ന് വീ ശിവൻകുട്ടി ചോദിച്ചു.

ALSO READ: ‘എസ് എസ് കെ ഫണ്ടുമായി പിഎം ശ്രീയ്ക്ക് ഒരു ബന്ധവുമില്ല, പി എം ശ്രീയുമായി ബന്ധപ്പെട്ട് നൽകിയ കത്തിന്റെ കാര്യത്തിൽ ലീഗിന്റെ നിലപാട് എന്താണ് ?’; വി. ശിവൻകുട്ടി

പി എം ശ്രീയുമായി ബന്ധപ്പെട്ട് നൽകിയ കത്തിന്റെ കാര്യത്തിൽ ലീഗിന്റെ നിലപാട് എന്താണെന്ന് ശിവൻകുട്ടി ചോദിച്ചു. പദ്ധതി നടപ്പാക്കാൻ ആണ് യുഡിഎഫ് തയ്യാറാകുന്നത്. അതിൽ ലീഗിന്റെ നിലപാട് അറിയാൻ താത്പര്യം ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പി എം ശ്രീ യുടെ ഭാഗമായി ഒരു ആനുകൂല്യവും കഴിഞ്ഞ സർക്കാർ വാങ്ങിയിട്ടില്ല. എസ് എസ് കെ ഫണ്ട് മാത്രമാണ് ലഭിച്ചത്. അത് സംസ്ഥാനത്തിന്റെ അവകാശമാണ്. പി എം ശ്രീയുമായി അതിന് ബന്ധമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News