നിപ സ്ഥിരീകരിച്ചിട്ടും മരുന്നെത്തിക്കാത്തത് ഗൗരവതരം; സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ സർക്കാർ തിരുത്തണം: വീണ ജോർജ്

Veena-George anganavadi pension

സംസ്ഥാനത്ത് നിപയും ഷി​ഗെല്ലയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ യുഡിഎഫ് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നിലപാടുകളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.

നിപ രോഗം സ്ഥിരീകരിച്ച് മൂന്ന് ദിവസമായിട്ടും രോഗിക്ക് ആവശ്യമായ റെംഡിസിവർ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ചു നൽകാൻ കഴിയാത്തത് അതീവ ഗൗരവതരമാണെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. രോഗവ്യാപനം തടയുന്നതിനൊപ്പം കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെടുകയാണെന്ന് അവർ ആരോപിച്ചു.

പകർച്ചവ്യാധികൾ പിടിമുറുക്കുന്ന അതീവ നിർണ്ണായകമായ ഈ ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത് തീർത്തും അനുചിതമായ നടപടിയാണെന്ന് അവർ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരെ സ്ഥലം മാറ്റുകയും അത് കോടതി സ്റ്റേ ചെയ്യുകയും ചെയ്ത സാഹചര്യം ​ഗുരുതരമാണ്. 14 ജില്ലകളിലെയും നാഷണൽ ഹെൽത്ത് മിഷൻ (NHM) പ്രോഗ്രാം ഓഫീസർമാരെയും ജില്ലാ പ്രോഗ്രാം മാനേജർമാരെയും ഒരേസമയം മാറ്റിയ നടപടിയും ചോദ്യെ ചെയ്യേണ്ടതാണ്. പകരം ആളുകളെ നിയമിക്കാതെ ഉദ്യോഗസ്ഥരെ മാറ്റുന്നത് പ്രവർത്തനങ്ങളുടെ ഏകോപനത്തെ ബാധിക്കുമെന്ന് വീണ ജോർജ് മുന്നറിയിപ്പ് നൽകി.

ALSO READ: കോഴിക്കോട് വിസിറ്റിംഗ് പ്രൊഫസറെ പോലെ വന്നുപോകേണ്ട ആളാണോ ആരോഗ്യമന്ത്രി? നിപ പ്രതിരോധ പ്രവർത്തനങ്ങൾ മന്ദ​ഗതിയിലാണ് നടക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ

ആരോഗ്യവകുപ്പ് ഡയറക്ടറെ തൽസ്ഥാനത്തുനിന്ന് മാറ്റുക മാത്രമല്ല, അവരെ ഒരു സീനിയർ കൺസൾട്ടന്റ് എന്ന നിലയിലേക്ക് തരംതാഴ്ത്തുകയും ചെയ്തത് തെറ്റായ കീഴ്വഴക്കമാണെന്ന് വീണാ ജോർജ് പറഞ്ഞു. ഇത് ഉദ്യോഗസ്ഥർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഫീൽഡിൽ സമർപ്പണത്തോടെ ജോലി ചെയ്യുന്നവരുടെ ആത്മവിശ്വാസം തകർക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഷിഗല്ല കേസുകൾ റെക്കോർഡ് നിലയിലാണെന്നും ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ ചാക്രികമായ വർദ്ധനവ് ഉണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. മുൻ കാലങ്ങളിൽ ടീം വർക്കിലൂടെയും മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള നേതൃത്വത്തിലൂടെയും ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ കഴിഞ്ഞിരുന്നുവെന്നും, എന്നാൽ ഇപ്പോൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് വിവേകത്തോടുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും അവർ വിമർശിച്ചു. പകർച്ചവ്യാധിയുടെ പിടിയിലേക്ക് കേരളത്തെ വിട്ടുകൊടുക്കാതെ, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News