യുഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയത്തിൽ എതിർപ്പ് പ്രകടമാക്കി വി എം സുധീരൻ. മുഖ്യമന്ത്രി വി. ഡി. സതീശൻ ബജറ്റിൽ അവതരിപ്പിച്ച ഒന്ന് രണ്ട് കാര്യങ്ങളിൽ വിയോജിപ്പുണ്ടെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് പറഞ്ഞു. മദ്യ നയവുമായി സർക്കാർ മുന്നോട്ട് പോകില്ല എന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിൻ്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് കോൺഗ്രസിൻ്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ സർക്കാരിന്റെ പുതിയ നയം അതിന് എതിരാണ്. ഇത്തവണയും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറയുന്നത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം കുറയ്ക്കുന്നതിനെ കുറിച്ചാണ്. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയ മദ്യനയത്തിന് ബജറ്റിൽ എന്തുമാറ്റം വന്നു എന്നുള്ളത് ആലോചിക്കേണ്ട കാര്യമാണ്, വി എം സുധീരൻ വ്യക്തമാക്കി.
അതേസമയം യുഡിഎഫ് സർക്കാർ ആദ്യ ബജറ്റിൽ തന്നെ മദ്യത്തിന് നികുതിയിളവ് വരുത്തിയത് സ്വകാര്യ മദ്യ കമ്പനിയായ ബക്കാർഡിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ആരോപിച്ചു. ഈ നിർദ്ദേശത്തിന്റെ ഗുണഭോക്താവ് എല്ലാവർക്കും അറിയാവുന്നതുപോലെ കർണാടകയിലെ ഒരു മദ്യ കമ്പനിയാണ് എന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. നമ്മുടെ യുവാക്കളെ ലഹരിയിലേക്ക് തള്ളിവിടുന്നതിനു വേണ്ടിയുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിയമസഭാ പ്രസംഗം സഭാ ടിവിയിൽ നിന്ന് നീക്കം ചെയ്തു. സഭാ രേഖകളിൽ നിന്ന് ഈ ആരോപണം നീക്കണമെന്ന മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ ആയിരുന്നു നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

