ടൗൺഷിപ്പ് വീടുകളിലെ പെൻസിൽ വരയെ വിള്ളലുകളാക്കി മാറ്റിയ വാർത്തകളിലെ വാസ്തവമെന്ത്? വിശദീകരണവുമായി നിർമ്മാണ വിദഗ്ധയുടെ പോസ്റ്റ്

WAYANADU CRACKS ON WALL

വയനാട്ടിലെ സർക്കാർ ടൗൺഷിപ്പുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്നാണ് ചില മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു നിർമ്മാണ മേഖലയിലെ വിദഗ്ധയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 24 വർഷമായി നാട്ടിലും വിദേശത്തുമായി കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന, 2014 മുതൽ ക്വാളിറ്റി കൺട്രോൾ മാനേജറായി ജോലി ചെയ്യുന്ന എഞ്ചിനീയറാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിഷയത്തിൽ തന്റെ നിരീക്ഷണം പങ്കുവെച്ചത്.

ഒരു പ്രൊഫഷണൽ നിർമ്മാണ പ്രോജക്റ്റിൽ ഫൗണ്ടേഷൻ മുതൽ പെയിന്റിംഗ് വരെയുള്ള ഓരോ ഘട്ടത്തിലും ക്വാളിറ്റി ഇൻസ്‌പെക്ടർമാർ കൃത്യമായ പരിശോധനകൾ നടത്താറുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി മേൽക്കൂരയുടെ ചോർച്ച പരിശോധിക്കാൻ ‘ഫ്ലഡ് ടെസ്റ്റ്’ അഥവാ ‘വാട്ടർ പോണ്ടിംഗ് ടെസ്റ്റ്’ നടത്തുന്നത് പതിവാണ്. റൂഫിലെ ഡ്രെയിനുകൾ അടച്ച് 2 മുതൽ 4 ഇഞ്ച് വരെ ഉയരത്തിൽ വെള്ളം 24 മുതൽ 48 മണിക്കൂർ വരെ നിർത്തിയിട്ടാണ് ഈ പരിശോധന നടത്തുന്നത്. ഈ സമയത്ത് സീലിംഗിലോ ഭിത്തിയിലോ നനവുണ്ടോ എന്ന് പരിശോധിക്കുകയും, ചോർച്ചയുള്ള ഭാഗങ്ങൾ അടയാളപ്പെടുത്തുകയും ചെയ്യും.

ALSO READ: വയനാട് ടൗൺഷിപ്പ്: അത് വിള്ളലുകളല്ല, പെൻസിൽ വര; മാധ്യമങ്ങളുടെ വ്യാ‌ജവാർത്തകൾക്കെതിരെ മന്ത്രി കെ രാജൻ, ​ഗുണനിലവാരം നേരിട്ട് വിലയിരുത്തി

വയനാട്ടിലെ വീടുകളിൽ ഗുണനിലവാര പരിശോധനയുടെ ഭാഗമായി നടത്തിയ ഇത്തരം അടയാളപ്പെടുത്തലുകളെയും ഉപരിതലത്തിലെ ചെറിയ വിള്ളലുകളെയും ആണ് ചില മാധ്യമങ്ങൾ വലിയ തകരാറായി ചിത്രീകരിച്ചതെന്ന് ഇവർ പറയുന്നു. പരിശോധനയിൽ കണ്ടെത്തുന്ന ഇത്തരം പോരായ്മകൾ പരിഹരിക്കുക എന്നത് നിർമ്മാണ പ്രക്രിയയുടെ ഭാഗമാണെന്നും ഇവർ വ്യക്തമാക്കുന്നു. വയനാട് പ്രോജക്റ്റിൽ കൃത്യമായ ഗുണനിലവാര പരിശോധനകൾ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളെന്നും, മാധ്യമങ്ങൾ ഇതിനെ തെറ്റായ രീതിയിൽ ആഘോഷിക്കുകയാണെന്നും പോസ്റ്റിലൂടെ ഇവർ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

2002 ലാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും എഞ്ചിനീയറിങ് പാസ്സായത്..
നാട്ടിലും വിദേശത്തുമായി 24 വർഷമായി കൺസ്ട്രക്ഷൻ മേഖലയിൽ പണി ചെയ്യുന്നു.
അതിൽ തന്നെ, 2005 മുതൽ ക്വാളിറ്റി കൺട്രോൾ (QC) മേഖലയിൽ ആണ് മുഖ്യ പ്രവർത്തനം.
2014 മുതൽ ക്വാളിറ്റി കൊണ്ട്രോൾ/ക്വാളിറ്റി അസ്ഷുറൻസ് (QA/QC) മാനേജർ ആയി ജോലി ചെയ്യുന്നു.

റിയൽ എസ്റ്റേറ്റ് ഹൗസിങ് പ്രൊജക്റ്റ്‌ മുതൽ ലോകത്തിലെ എറ്റവും വലിയ ഓയിൽ റിഫൈനറി വരെയുള്ള ഒട്ടേറെ നിർമ്മാണ പ്രോജക്റ്റുകളിൽ ജോലി ചെയ്തു വിജയകരമായി പൂർത്തിയാക്കിയ എക്സ്പീരിയൻസ് ഉണ്ട്‌..
ഇത്രയും മുൻകൂട്ടി പറഞ്ഞത്, ഇവിടെ പറയാൻ പോകുന്ന വിഷയത്തിൽ ആധികാരികമായി അഭിപ്രായം പറയാനുള്ള അറിവും അനുഭവവും എനിക്ക് ഉണ്ട്‌ എന്ന് സൂചിപ്പിയ്ക്കാനാണ്.

ഒരു പ്രൊഫെഷണൽ പ്രോജെക്റ്റിൽ, കെട്ടിട നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഒട്ടേറെ ക്വാളിറ്റി പരിശോധനകളും, ടെസ്റ്റുകളും നിർബന്ധം ആണ്.
ഫൗണ്ടേഷൻ, കോൺക്രീറ്റ്, ബ്ലോക്ക് വർക്ക്, ഇലക്ട്രിക്ക്, പ്ലബിങ്, പ്ലാസ്റ്ററിങ്, പെയിന്റിംഗ് തുടങ്ങി എല്ലാ ജോലികളും, ഓരോ ഘട്ടത്തിലും അതാതു ക്വാളിറ്റി ഇൻസ്‌പെക്ടർമാർ പരിശോധിച്ചു, അനുമതി കൊടുത്താലേ അടുത്ത ഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ പോകുകയുള്ളൂ.
ഇത്തരം ക്വാളിറ്റി പരിശോധനയിൽ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടായാൽ, അത് ശരിയാക്കാതെ അപ്പ്രൂവൽ കിട്ടില്ല. ക്വാളിറ്റി അപ്പ്രൂവൽ ഇല്ലാതെ, ആ പണിയുടെ ബില്ല് പാസ്സാക്കില്ല എന്നത് കൊണ്ട്, ക്വാളിറ്റി പരിശോധന പ്രൊജക്റ്റുകളിൽ വളരെ പ്രാധാന്യം ഉള്ളവയാണ്.
ഇത്തരം ക്വാളിറ്റി പരിശോധനകളിൽ പ്രധാനമുള്ള ഒന്നാണ് കെട്ടിടത്തിന്റെ റൂഫി (മേൽക്കൂര)ന്റെ ലീക്ക് ടെസ്റ്റ്‌.
പല രീതിയിൽ ഇത് ചെയ്യാറുണ്ട്.
ഫ്ലാറ്റ് റൂഫുകളിൽ വാട്ടർപ്രൂഫിംഗ് ശരിയാണോ എന്ന് പരിശോധിക്കാനായി സാധാരണ ചെയ്യുന്ന രീതിയാണ് ഫ്ലഡ് ടെസ്റ്റ് (Flood Test). ഇത് മലയാളത്തിൽ വാട്ടർ പോണ്ടിംഗ് ടെസ്റ്റ് (Water Ponding Test) എന്നും അറിയപ്പെടുന്നു.
ഇതിനായി റൂഫിലെ വെള്ളം പോകുന്ന എല്ലാ പൈപ്പുകളും, ഡ്രെയിനുകളും താൽക്കാലികമായി റബ്ബർ പ്ലഗ്ഗുകളോ, വാട്ടർപ്രൂഫ് ടേപ്പുകളോ ഉപയോഗിച്ചു അടക്കുന്നു .
എന്നിട്ട് റൂഫിൽ ഏകദേശം 2 മുതൽ 4 ഇഞ്ച് വരെ (50mm – 100mm) ഉയരത്തിൽ വെള്ളം പതുക്കെ പതുക്കെ നിറയ്ക്കുന്നു.
എന്നിട്ട് ഏകദേശം 24 മുതൽ 48 മണിക്കൂർ വരെ വെള്ളം ഇങ്ങനെ നിർത്തിയിടുന്നു. ഈ സമയത്ത് റൂഫിന് താഴെയുള്ള സീലിംഗിലോ, ഭിത്തികളിലോ നനവ് ഉണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നു.
അതോടൊപ്പം റൂഫിലെ ജലനിരപ്പ് കുറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നു. കാര്യമായ കുറവ് ഉണ്ടെങ്കിൽ അത് ചോർച്ചയുടെ ലക്ഷണമാണ്.
(വെയിൽ ഏറ്റുള്ള ബാഷ്പീകരണം മൂലമുള്ള ചെറിയ കുറവ് സ്വാഭാവികമാണ്).
ചോർച്ചയുള്ള ഭാഗങ്ങൾ നനവ് നോക്കി കണ്ടുപിടിയ്ക്കാം.
പരിശോധനയ്ക്ക് ശേഷം പരിശോധനയ്ക്ക് ശേഷം പതുക്കെ ഡ്രെയിനുകൾ തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നു.

ലീക്ക് കണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തി, അവിടങ്ങളിൽ പരിശോധന നടത്തി വീണ്ടും വാട്ടർപ്രൂഫ് ചെയ്യുന്നു. എന്നിട്ട് വീണ്ടും ലീക്ക് ടെസ്റ്റ്‌ ആവർത്തിക്കുന്നു.
ലീക്ക് ടെസ്റ്റ്‌ പാസ്സായാൽ മാത്രമേ ക്വാളിറ്റി പരിശോധന പൂർത്തിയാക്കൂ എന്ന് ചുരുക്കം.
ഇത് കൂടാതെ, structural അല്ലെങ്കിൽ surface വിളളലുകൾ ഉണ്ടോ എന്നിവ പോലുള്ള വിഷ്വൽ പരിശോധനകളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്. അവയ്ക്കും കൃത്യമായ പരിഹാരം ചെയ്താലേ ഇൻസ്‌പെക്ഷൻ പാസ്സാക്കൂ.


ഇന്ന് വയനാട്ടിലെ വീടുകളിൽ “വിള്ളൽ വീണേ” എന്ന് ആഘോഷിച്ചു, ചില ചാനലുകൾ നടത്തിയ ആഘോഷം കാണുമ്പോൾ ചിരിയാണ് വന്നത്.
ക്വാളിറ്റി പരിശോധന നടത്തിയ മാർക്കിങ്ങുകൾ, സർഫസ് ക്രാക്കുകൾ ഒക്കെ കാണിച്ചാണ്, ഇതൊക്കെ എന്തോ വലിയ സംഭവം എന്ന് വരുത്തി തീർക്കാൻ ശ്രമം.
ആ പ്രോജെക്റ്റിൽ, ഇത്തരത്തിലുള്ള ക്വാളിറ്റി പരിശോധനകൾ കൃത്യമായി നടത്തുന്നു എന്നറിയാൻ പറ്റി എന്നതാണ്, ഈ മാധ്യമ അഭ്യാസം കൊണ്ട് ഉണ്ടായ എറ്റവും വലിയ നേട്ടം.
മാധ്യമ കുത്തുത്തിരുപ്പുകൾ അവഗണിയ്ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News