തൃണമൂൽ ഭരണത്തിൽ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും ബാക്കി; രാഷ്ട്രീയമാറ്റത്തിലേക്ക് കണ്ണുംനട്ട് ഹരിഹർപാറയിലെ നെയ്ത്തുതൊഴിലാളികൾ

bengal_election_hariharapara

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂടിലും ചൂരിലുമാണ് പശ്ചിമബംഗാൾ. അവിടുത്തെ മുർഷിദാബാദ് ജില്ലയിലെ ഹരിഹർപാറ മണ്ഡലത്തിന് ഒട്ടനവധി സവിശേഷതകളുണ്ട്. ഒരു കാലത്ത് നെയ്ത്ത് തറികളുടെ ശബ്ദങ്ങളാൽ മുഖരിതമായിരുന്നു ഹരിഹർപാറ. എന്നാൽ ഇന്ന് അവിടുത്തെ നെയ്ത്ത് മേഖല തകർന്നടിഞ്ഞിരിക്കുന്നു. നെയ്ത്തിനെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് ആളുകൾ കടുത്ത ദാരിദ്ര്യത്തിലും അരക്ഷിതാവസ്ഥയിലുമാണ്. 80 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള ഈ മണ്ഡലത്തിൽ എസ്.ഐ.ആർ നടപ്പാക്കിയതോടെ വോട്ടില്ലായതായത് നിരവധിപേർക്കാണ്. രാജ്യത്ത് തന്നെ എസ്.ഐ.ആർ ഏറ്റവുമധികം ബാധിച്ചത് മുർഷിദാബാദ് ജില്ലയിലാണല്ലോ. പശ്ചിമബംഗാളിൽ 91 ലക്ഷം പേർ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റപ്പെട്ടപ്പോൾ അതിൽ ഏറിയ പങ്കും മുർഷിദാബാദ് ജില്ലയിലായിരുന്നു.

ഹരിഹർപാറ മണ്ഡലത്തിൽ സിപിഐഎം സ്ഥനാർഥിയായി മത്സരിക്കുന്നത് മുർഷിദാബാദിലെ ജില്ലാ സെക്രട്ടറിയായ ജാമിർ മൊല്ലയായിരുന്നു. കടുത്ത ദാരിദ്ര്യാവസ്ഥയിൽ കഴിയുന്ന ജനങ്ങൾക്കിടയിലേക്ക് ഉപജീവനമാർഗം വീണ്ടെടുക്കേണ്ടതിന്‍റെയും അവകാശബോധം ഊട്ടിയുറപ്പിക്കുന്നതിന്‍റെയും സന്ദേശവുമായാണ് ജാമിർ മൊല്ല കടന്നുചെല്ലുന്നത്. പ്രചാരണവേളയിൽ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചാൽ ഹരിഹർപാറയിലെ ജനങ്ങളുടെ ജീവിതാവസ്ഥ നേരിട്ട് അനുഭവിച്ചറിയാനാകും.

തൃണമൂൽ ഭരണത്തിൽ ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട ഹരിഹർപാറ ഒരു രാഷ്ട്രീയമാറ്റത്തിനായി കാതോർക്കുന്നുണ്ട്. കടുത്ത നിരാശയിലാണ് ഇവിടുത്തെ ജനങ്ങൾ. 15 കൊല്ലത്തെ തൃണമൂൽ ഭരണമാണ് തങ്ങളെ കൂടുതൽ ദരിദ്രരും അരക്ഷിതരുമാക്കി മാറ്റിയതെന്ന യാഥാർഥ്യം അവർ ഇപ്പോൾ തിരിച്ചറിയുന്നു.

പ്രചാരണത്തിനുള്ള പ്രയാണത്തിനിടെയാണ് ജാമിർ മൊല്ല, പാതവക്കിൽ ഇരുന്ന് നൂൽ നൂൽക്കുന്ന ഒരു സ്ത്രീത്തൊഴിലാളിയെ കാണുന്നത്. 35 കാരിയായ മല്ലിക ബീവി, മുർഷിദാബാദിലെ നെയ്ത്തുകാരുടെ അഭിമാനമായ ഗാംച എന്ന കോട്ടൺ ടവൽ, നെയ്തെടുക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിലായിരുന്നു അവർ. ആ നാടിന്‍റെ ദുരിതം വാക്കുകളിൽ പകർത്തിയാണ് മല്ലിക സംസാരിച്ചത്. നാല് ദിവസം ജോലി ചെയ്താൽ ലഭിക്കുന്നത് 140 രൂപയാണ്. ഒരു ദിവസം 40 രൂപയാണ് കൂലി. ഇതുവെച്ച് എങ്ങനെ കുടുംബം പുലർത്തുമെന്ന് നിസംഗതയോടെ മല്ലിക ചോദിക്കുന്നു. മുർഷിദാബാദിലെ കൈത്തറി തൊഴിലാളികൾക്ക് താങ്ങുംതണലുമായിരുന്ന സഹകരണ നെയ്ത്ത് ശൃംഖല കഴിഞ്ഞ പതിനഞ്ച് വർഷമായി ദുർബലമായി മാറിയെന്ന് അവിടുത്തുകാർ പറയുന്നു.

പരമ്പരാഗത നെയ്ത്ത് മേഖല വലിയ തകർച്ചയിലാണ്. തറികൾ പൊളിക്കാനായി വിറ്റഴിക്കപ്പെടുന്നു. ജോലി ഇല്ലാതായതോടെ, ഇവിടുത്തെ തൊഴിലാളികളിൽ വലിയൊരു പങ്കും മറ്റ് ജോലികൾ തേടി പലനാടുകളിലേക്ക് ചേക്കേറി. വെറും 40 രൂപ കൂലിയേക്കാൾ, അനിശ്ചിതമായ കൂലിയുള്ള തൊഴിലിടങ്ങിലേക്കാണ് ഇവർ എത്തിപ്പെടുന്നത്. എന്നാൽ അതാണ് ആശ്വാസമെന്ന് അവർ കരുതുന്നു.

ഇനി ഹരിഹർപാറയിലെ സമീപ മണ്ഡലമായ ധരംപുരിലേക്ക് പോകാം. അവിടെ നെയ്ത്ത് അല്ല, ഇഷ്ടികക്കളങ്ങളാണ് പ്രധാന തൊഴിൽ മേഖല. ഇവിടുത്തെ ഇഷ്ടികക്കളങ്ങളിൽ കൊടുംചൂടിൽ ജോലി ചെയ്യുന്ന തീരാദുരിതംപേറുന്ന തൊഴിലാളിജീവിതങ്ങൾ ആരുടെയും നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ്. ബഹറാംപുർ ജില്ലയിലെ ഒരു ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്ന 25കാരനായ അബ്ബാസുദ്ദീൻ ഷെയ്ഖ് സ്വന്തം അനുഭവം പറയുന്നത് ഇങ്ങനെയാണ്, ഇഷ്ടികക്കളത്തിലെ കൊടുംചൂടിൽ ഫയർമാനായി ജോലിചെയ്യുന്ന തനിക്ക് മാസം 15000 രൂപയാണ് ശമ്പളം. എന്നാൽ ആറു മാസം മാത്രമാണ് ജോലി ഉണ്ടാകുക. ജോലിയുടെ ഭാഗമായി നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്. മണിക്കൂറുകളോളം തീയിൽ നിൽക്കുന്നതുകൊണ്ട്, ചർമ്മത്തിന്‍റെ നിറമെല്ലാം മാറുകയും കണങ്കാലുകൾ പൊട്ടിയ അവസ്ഥയിലുമാണ്.

Also Read- പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് ഇടത് മുന്നണി

അബ്ബാസുദ്ദീന് കൂലിയെക്കുറിച്ചല്ല പരാതി, രണ്ടു കുട്ടികളുടെ അച്ഛനായ തനിക്ക് നാട്ടിലെ സ്കൂളുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചാണ് പറയാനുള്ളതെന്ന് ഇദ്ദേഹം പറയുന്നു. ധരംപൂരിലെ, പ്രാദേശിക പ്രൈമറി സ്കൂളിൽ ആവശ്യത്തിന് അധ്യാപകരില്ല. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകിലെ ഒഴിവുള്ള തസ്തികകൾ നികത്താൻ മമത സർക്കാർ തയ്യാറാകുന്നില്ല. സ്കൂളുകളുടെ പ്രവർത്തനം താളംതെറ്റിയതോടെ, ഇവിടുത്തെ പാവപ്പെട്ടവർ തങ്ങളുടെ കുട്ടികളെ വലിയ ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കാൻ നിർബന്ധിതമാകുന്നു.

ഒരുകാലത്ത് ഇടതുപക്ഷത്തിന് നല്ല അടിത്തറയുണ്ടായിരുന്ന ഹരിഹർപാറയിൽ പിന്നീട് കോൺഗ്രസും, കഴിഞ്ഞ കുറേക്കാലമായി തൃണമൂലുമാണ് സ്വാധീനമുള്ള രാഷ്ട്രീയകക്ഷികൾ. ഇവിടുത്തെ ഭൂരിഭാഗം വരുന്ന ന്യൂനപക്ഷജനതയെ മതത്തിന്‍റെ വേലിക്കെട്ടിൽ തളച്ചാണ് കോൺഗ്രസും തൃണമൂലും രാഷ്ട്രീയനേട്ടം ഉണ്ടാക്കിയത്. എന്നാൽ ഇപ്പോൾ ദാരിദ്ര്യം അവരെ ഉപജീവനമാർഗത്തിലേക്കും അവകാശബോധത്തിലേക്കും ശ്രദ്ധിക്കാൻ പ്രേരകമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ജാമിർ മൊല്ലയുടെ പ്രചാരണവും ആ വഴിക്ക് ആകുന്നത്. വലിയ സ്വാധീനമില്ലാത്ത സ്ഥലമാണെങ്കിലും ജാമിർ മൊല്ലയുടെ പ്രാദേശിക ബന്ധം ഇടതുപക്ഷത്തിന് പ്രതീക്ഷയേകുന്നുണ്ട്.

അവലംബം- ലെഫ്റ്റ് വ്യൂ ഡോട്ട് ഇൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News