
പ്രവാസി കേരളീയർക്കായുളള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ രണ്ടാംഘട്ട എന്റോൾമെന്റിനും പരിഷ്‌കരിച്ച നോർക്ക കെയർ പ്ലസ് പദ്ധതിയ്ക്കും തുടക്കം. പദ്ധതിയുടേയും എന്റോൾമെന്റിന്റേയും ഉദ്ഘാടനവും നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ലോഞ്ചും നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നോർക്ക കെയർ കൂടുതൽ സ്ലാബുകൾ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോർക്ക കെയർ പ്ലസ് പദ്ധതിയെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
നോർക്ക കെയർ നിലവിൽ വന്ന് നാലു മാസങ്ങൾക്കകം പതിനായിരത്തോളം പോളിസി ഉടമകൾക്കായി ഇതുവരെ 88 കോടി രൂപയിലധികം ക്ലെയിമിനത്തിൽ നൽകാനായി. ലോകത്ത് പ്രവാസി സമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് നോർക്ക കെയറെന്ന് നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി പറഞ്ഞു. 18 മുതൽ 70 വയസ്സുവരെയുളള സാധുവായ നോർക്ക പ്രവാസി ഐഡിയോ സ്റ്റുഡന്റ് ഐഡിയോ എൻ.ആർ.കെ ഐഡിയോ ഉളള പ്രവാസി കേരളീയർക്കാണ് എന്റോൾ ചെയ്യാനാകുക.
Also read: കേരളത്തെ പട്ടിണിയില്ലാത്ത സംസ്ഥാനമാക്കാൻ കഴിഞ്ഞ പത്ത് വർഷത്തിൽ നമുക്ക് സാധിച്ചു: മന്ത്രി ജി ആർ അനിൽ
10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുളള പോളിസികളിൽ പോളിസി ഉടമയുടെ ഭാര്യയുടെയോ ഭർത്താവിന്റെയോ 80 വയസുവരെയുളള മാതാപിതാക്കളേയും ഉൾപ്പെടുത്താനാകും. നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റ് സന്ദർശിച്ചോ (www.norkaroots.kerala.gov.in) നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകൾ (ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ) വഴിയോ 2026 ഏപ്രിൽ 12 വരെ എന്റോൾ ചെയ്യാവുന്നതാണ്. ഈ കാലയളവിൽ എന്റോൾ ചെയ്യുന്നവർക്ക് 2026 ഏപ്രിൽ 15 മുതൽ ഒരു വർഷത്തേയ്ക്കാണ് പോളിസി കാലയളവ്.
അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെയുളള ഏഴ് വിവിധ സ്ലാബുകളിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതാണ് നോർക്ക കെയർ പ്ലസ് പദ്ധതി. നിലവിൽ നോർക്ക കെയറിൽ അംഗമായവർക്കും നോർക്ക കെയർ പ്ലസ്സിൽ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 2025 സെപ്റ്റംബർ 22 മുതൽ നവംബർ 30 വരെ സംഘടിപ്പിച്ച നോർക്ക കെയർ ആദ്യഘട്ട എന്റോൾമെന്റിൽ 1,32,000 പ്രവാസി കേരളീയ കുടുംബങ്ങളാണ് എന്റോൾ ചെയ്തത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.kerala.gov.in സന്ദർശിക്കുകയോ 1800 2022 502, +91 9364084961, +91 93104 43880 (ഡൽഹി) എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




