
ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിൽ അദാനിയുടെ കാർമൈക്കൽ കൽക്കരി കമ്പനിയുടെ രഹസ്യ വിവരങ്ങൾ തേടുന്നതിനും ഉപയോഗിക്കുന്നതിനും ഖനിവിരുദ്ധ പ്രവർത്തകനായ ബെൻ പെന്നിങ്ങ്സിന് വിലക്ക് ഏർപ്പെടുത്തി ക്വീൻസ്‌ലാന്‍റ് സുപ്രീം കോടതി. ഇതോടെ, കമ്പിനിയും ബെൻ പെന്നിങ്ങ്സും തമ്മിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനാണ് അവസാനാകുന്നത്.
ഗലീലി തടത്തിൽ കാർമൈക്കൽ കൽക്കരി ഖനി പ്രവർത്തിപ്പിക്കുന്നത് അദാനി ഗ്രൂപ്പിന്‍റെ ഭാഗമായ ബ്രാവസ് മൈനിംഗ് ആൻഡ് റിസോഴ്‌സസ് എന്ന സ്ഥാപനമാണ്. കയറ്റുമതിക്കായി പ്രതിവർഷം ഏകദേശം 10 ദശലക്ഷം ടൺ കൽക്കരിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
ബ്രാവസ് കമ്പനി ജീവനക്കാർ, കരാറുകാർ എന്നിവരിൽ നിന്ന് രഹസ്യ വിവരങ്ങൾ തേടുന്നതിൽ നിന്നോ, അത് പരസ്യപ്പെടുത്താൻ പ്രേരിപ്പിക്കുന്നതിൽ നിന്നോ പെന്നിംഗ്‌സിനെ പൂർണമായും വിലക്കുന്നതാണ് കോടതി ഉത്തരവ്. വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള ക്യാമ്പയ്‌നുകൾ കോടതി ഉത്തരവിന്‍റെ പരിധിയിൽ വരും. അതേസമയം, നിയമപരമായ പ്രതിഷേധങ്ങളിലോ പ്രചാരണങ്ങളിലോ ഏർപ്പെടുന്നതിന് ഈ ഉത്തരവുകൾ തടസമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ബ്രാവസ് മൈനിംഗ് ആൻഡ് റിസോഴ്‌സസ് അറിയിച്ചു.
കൽക്കരി ഖനിയുടെയും വിതരണക്കാരുടെയും കരാറുകാരുടെയും പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഗലീലി സമരസമിതിയുടെ ദേശീയ വക്താവായ പെന്നിങ്ങ്സിനെതിരെ ബ്രാവസ് കമ്പനി സിവിൽ കേസ് ഫയൽ ചെയ്തത്.
കമ്പനി ജീവനക്കാരെയും കരാറുകാരെയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പെരുമാറ്റം അവസാനിപ്പിക്കുന്നതിനായിരുന്നു സുപ്രീം കോടതിയിൽ നിയമനടപടി ആരംഭിച്ചതെന്ന് ബ്രാവസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മിക്ക് ക്രോ പറഞ്ഞു. “ഈ നഷ്ടപരിഹാര കേസ് ഒരിക്കലും പണത്തിനുവേണ്ടിയായിരുന്നില്ല. രഹസ്യ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും, അതുപയോഗിച്ച് കരാറുകാരെ ഭീഷണിപ്പെടുത്തി ഞങ്ങളോടൊപ്പമുള്ള പ്രവർത്തനം നിര്‍ത്താന്‍ സമ്മർദ്ദം ചെലുത്തുന്നതും പെന്നിങ്ങ്സ് അവസാനിപ്പിക്കണം എന്ന ലക്ഷ്യം മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്.”
കോടതിയിൽ സമർപ്പിച്ച തെളിവുകൾ അനുസരിച്ച്, ഉപരോധങ്ങൾ, ഓഫീസിലേക്കുള്ള കടന്നുകയറ്റം, വിതരണക്കാർക്ക് മേലുള്ള സമ്മർദ്ദം എന്നിവ ഉൾപ്പെടെയുള്ള പെന്നിങ്ങ്സിന്‍റെ പ്രചാരണങ്ങൾ കാരണം നിരവധി പ്രധാന ഇടപാടുകാർ ബ്രാവസുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. കമ്പിനിയുമായി കരാറിലുള്ള ചില ബിസിനസുകാർക്ക് അധിക സുരക്ഷയ്ക്കായി പ്രത്യേകം നിക്ഷേപം നടത്തേണ്ടതായും വന്നു. കാർമൈക്കൽ ഖനി, റെയിൽ പദ്ധതി എന്നിവയുടെ പണികൾ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് പിങ്കൻബയിൽ നടന്ന പ്രതിഷേധത്തിനിടെ പെന്നിങ്ങ്സ് അറസ്റ്റിലായിരുന്നു.
വിചാരണയ്ക്ക് മുന്നോടിയായി തെളിവുകൾ സമർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പെന്നിങ്ങ്സ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തെളിവ് സമർപ്പിച്ചാൽ തനിക്കെതിരെ സ്വയം കുറ്റാരോപണം വരുമെന്ന ഭയമാണ് അദ്ദേഹം ഉന്നയിച്ചത്. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് ഒത്തുതീർപ്പിന് പെന്നിങ്ങ്സ് സന്നദ്ധമായതെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നു.
ഗലീലി ഉപരോധം, അദാനി കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുക, ആന്‍റി-ഗ്യാസ് ഗ്രൂപ്പായ ജനറേഷൻ ആൽഫ എന്നിവയിലെ പ്രധാന വ്യക്തിയാണ് മുൻ ഗ്രീൻസ് പ്രചാരകനും ബ്രിസ്‌ബെയ്ൻ മേയർ സ്ഥാനാർത്ഥിയുമായിരുന്ന പെന്നിങ്ങ്സ്. ബ്രാവിസ് കമ്പനി നൽകിയ കേസ് പ്രതിഷേധിക്കാനുള്ള അവകാശത്തിനു നേരെയുള്ള ആക്രമണമാണ് എന്ന് അദ്ദേഹവും അനുയായികളും വാദിച്ചിരുന്നു. എന്നാൽ തങ്ങളുടെ നിയമനടപടി രാഷ്ട്രീയ പ്രകടനങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണെന്നും ബ്രാവസ് വ്യക്തമാക്കി.
കാർമൈക്കൽ ഖനിയും കാർമൈക്കൽ റെയിൽ ശൃംഖലയും നാല് വർഷത്തിലേറെയായി പ്രവർത്തിക്കുന്നുണ്ടെന്നും ആയിരക്കണക്കിന് ക്വീൻസ്‌ലാന്‍റുകാർക്ക് ജോലി നൽകുന്നുണ്ടെന്നും ബ്രാവസ് പറഞ്ഞു. നിർമ്മാണ സമയത്തും കമ്പനി ആരംഭിച്ച സമയത്തും പെന്നിങ്ങ്സിന്‍റെ പ്രചാരണങ്ങൾ കാര്യമായ തടസങ്ങൾ സൃഷ്ടിച്ചതായും കമ്പനി ചൂണ്ടിക്കാട്ടി.
പരിസ്ഥിതിപ്രവർത്തനവും ഒരു പ്രധാന വിഭവശേഷി പദ്ധതിയും ഉൾപ്പെട്ട ഓസ്‌ട്രേലിയയിലെ ഏറ്റവും നീണ്ട നിയമപോരാട്ടങ്ങളിൽ ഒന്നാണ് ഈ വിധിയിലൂടെ അവസാനിക്കുന്നത്. പ്രതിഷേധപ്രവർത്തനങ്ങൾ ശക്തമായ മേഖലകളിൽ വിദേശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾ നേരിടുന്ന വെല്ലുവിളികളും ഈ കേസ് എടുത്തു കാണിക്കുന്നു.
ബ്രാവസിന്‍റെ കാർമൈക്കൽ ഖനിയും റെയിൽ ശൃംഖലയും ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ട് ഇന്ത്യൻ നിക്ഷേപങ്ങളാണ്. ഈ പദ്ധതികൾ
ഓസ്ട്രേലിയയിലെ ഏറ്റവും കർശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കമ്പനി ഉറപ്പിച്ചു വ്യക്തമാക്കുന്നു. അതിനൊപ്പം, ഓസ്‌ട്രേലിയ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് വൻതോതിൽ കൽക്കരി കയറ്റി അയയ്ക്കുന്നുണ്ട് എന്ന വസ്തുതയും ബ്രാവസ് ഓർമ്മിപ്പിച്ചു. മൊത്തം ഉല്‍പ്പാദനത്തിന്‍റെ പകുതിയോളം കല്‍ക്കരി ചൈനയിലേക്കാണ് ഓസ്ട്രേലിയ കയറ്റുമതി ചെയ്യുന്നത്. തൊട്ടുപിന്നിൽ ജപ്പാനും കൊറിയയുമുണ്ട്.
തങ്ങളുടെ നിയമപരമായ പ്രവർത്തനങ്ങളെയും തൊഴിലാളികളെയും കരാറുകാരെയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാനമായ നടപടിയായാണ് കോടതി വിധിയെ കാണുന്നതെന്ന്. നിയമവിരുദ്ധമായ തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, രഹസ്യ വിവരങ്ങൾ ദുരുപയോഗം ചെയ്യൽ എന്നിവയിലേക്ക് കടക്കാത്ത പക്ഷം ആക്ടിവിസത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബ്രാവസ് വക്താവ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


