കാനഡയിലെ എഡ്‌മോണ്ടണിൽ 44 കാരനായ ഇന്ത്യൻ വംശജന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. നെഞ്ച് വേദന വന്നിട്ടും വിദഗ്ധ ചികിത്സക്കായി എട്ട് മണിക്കൂറോളം ആശുപത്രിയിൽ കാത്തിരുന്ന ശേഷമാണ് പ്രശാന്ത് ശ്രീകുമാറെന്ന ഇന്ത്യൻ വംശജന്‍റെ അന്ത്യം സംഭവിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടർന്നാണ് ഡിസംബർ 22 ന് ജോലി സ്ഥലത്ത് നിന്ന് പ്രശാന്ത് ശ്രീകുമാറിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആദ്യഘട്ട പരിശോധനയ്ക്കുശേഷം കാത്തിരിക്കാനാണ് എഡ്‌മോണ്ടണിലെ ഗ്രേ നൺസ് ആശുപത്രി അധികൃതർ നിർദേശിച്ചത്.
വേദന വർധിച്ചതോടെ വീണ്ടും ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇസിജി എടുക്കുകയും വീണ്ടും കാത്തിരിക്കാൻ നിർദേശിക്കുകയും ചെയ്തു.ഇടയ്ക്കിടെ രക്ത സമ്മർദ്ദം പരിശോധിച്ചെങ്കിലും ബിപി വ്യതിയാനത്തിൽ യാതൊന്നും ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് പ്രശാന്തിന്റെ പിതാവ് കാനേഡിയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
എട്ടുമണിക്കൂർ കാത്തിരുന്നതിന് ശേഷം എമർജൻസി റൂമിലേക്ക് വിളിപ്പിച്ചെങ്കിലും പ്രശാന്ത് കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. കുഴഞ്ഞുവീണിട്ടും വൈകിയാണ് നേഴ്‌സുമാർ സഹായത്തിന് എത്തിയതെന്നും പ്രശാന്തിന്റെ പിതാവ് ആരോപിച്ചു. ഭാര്യയും ചെറിയ മൂന്ന് കുട്ടികളുമാണ് പ്രശാന്തിനുള്ളത്.
ചെറിയ അപകടങ്ങൾ മുതൽ അത്യാഹിതങ്ങൾ വരെ അത്യന്തം കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്നത് കണ്ട് ശീലിച്ച മലയാളികളെ അടക്കമാണ് ഈ സംഭവത്തിന്‍റെ വിവരങ്ങൾ ഞെട്ടിച്ചത്. ഒരു വിദേശിക്ക് സർക്കാർ ജനറൽ ആശുപത്രിയിൽ വിജയകരമായ ഹൃദയ മാറ്റ ശസ്ത്രക്രിയ നടത്തി കേരളത്തിലെ ആരോഗ്യരംഗം വാർത്തകളിൽ ഇടം നേടിയിരുന്നു.
രോഗിയെ കൊണ്ടുവരുന്നത് മുതൽ അതിവേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനായി പലപ്പോഴും ആശുപത്രികൾക്കൊപ്പം, സർക്കാരും ജനങ്ങളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കാറുമുണ്ട്. പാശ്ചാത്യ വികസിത രാജ്യങ്ങളിൽ പോലും ഇത്തരത്തിലൊരു സംവിധാനം പലപ്പോഴും കാര്യക്ഷമമായി പ്രവർത്താക്കാറില്ല എന്നതിന് ഉദാഹരണമാണ് കാനഡയിൽ നിന്നുള്ള ഈ ദാരുണ സംഭവം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

