കണ്ണൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ആദ്യമായി ജഡ്ജിമാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ വിജിലന്‍സ് നടപടി. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരത്തിലെ വിധി നിര്‍ണയം സംബന്ധിച്ച് വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി എവി പ്രദീപ് കുമാറാണ് ത്വരിതാന്വേഷണം നടത്താന്‍ സിഐയെ ചുമതലപ്പെടുത്തിയത്.
മത്സരത്തില്‍ ബി ഗ്രേഡോടെ 43-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആലപ്പഴ എന്‍എസ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഉത്തരയുടെ അമ്മ പ്രസന്ന മധുവിന്റെ പരാതിയിലാണ് അന്വേഷണം. കഥകളി സിംഗിള്‍, ഗ്രൂപ്പില്‍ ഒന്നാംസ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനവും ഉത്തരക്കുണ്ട്.
കോഴിക്കോട് ജില്ലക്കാരനായ നൃത്താധ്യാപകന്‍ അന്‍സാദ് അസീസ് ഇടനിലക്കാരനായി വിധികര്‍ത്താക്കളെ സ്വാധീനിച്ചുവെന്നാണ് പരാതി. ഒന്നാം സമ്മാനം വാങ്ങിനല്‍കാമെന്ന് വാഗ്ദാനവുമായി നൃത്താധ്യാപകന്‍ ഉത്തരയെ സമീപിച്ചിരുന്നു. ഇതിന് ഒരുലക്ഷം രൂപ പ്രതിഫലവും ആവശ്യപ്പെട്ടു.
ഇതിന് വിസമ്മതിച്ചതിന്റെ പ്രതികാരമായി വിധികര്‍ത്താക്കളെ സ്വാധീനിച്ച് അര്‍ഹമായ ഗ്രേഡും സ്ഥാനവും നിഷേധിച്ചുവെന്ന് പരാതിയില്‍ പറഞ്ഞു. ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ അഞ്ചുകുട്ടികള്‍ക്ക് എ ഗ്രേഡ് നല്‍കിയെന്നും ആരോപണമുയര്‍ന്നു. വേദാന്ത മൗലി, ഗുരു വിജയശങ്കര്‍, രതീഷ് ബാബു എന്നിവരാണ് മത്സരത്തില്‍ വിധി നിര്‍ണയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here