
അറിവിന്റെ പുത്തൻ പാതകൾ വെട്ടി തെളിച്ച് മലയാളികളുടെ ബൗദ്ധിക മണ്ഡലത്തിൽ പടയോട്ടം നടത്തിയ കൈരളി ടിവി അശ്വമേധത്തിന്റെ അമരക്കാരൻ ഡോ.ജി.എസ്.പ്രദീപ് സംവിധാനം ചെയ്ത സ്വർണമത്സ്യങ്ങൾ എന്ന ചലച്ചിത്രം പ്രേക്ഷക പ്രശംസയാൽ ശ്രദ്ധേയമാകുന്നു.
സംവിധായകന്റെ റോളിലാണ് ഇപ്പോൾ മലയാളികളുടെ സ്വന്തം ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപിന്റെ എൻട്രി.
കുട്ടികളുടെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന സിനിമയാണ് സ്വർണ മത്സ്യങ്ങൾ. ഒപ്പം ഗ്രഹാതുരതയുടെ മനോഹരിതയിലേക്ക് മനസിനെ കൈപിടിച്ചു കൊണ്ട് പോകുന്നുമുണ്ട് സ്വർണ്ണ മത്സ്യങ്ങൾ.
യന്ത്രവത്കരിക്കപ്പെട്ടു പോകുന്ന മനസുകളിലേക്ക് ആർദ്രതയുടെ നീരുറവകൾ കിനിയുന്ന സിനിമയിൽ പ്രണയവും ഓർമ്മയും ഹൃദയങ്ങളുടെ ഒത്തുചേരലുണ്ടെന്ന് സംവിധായകൻ ജി.എസ് പ്രദീപ് പറഞ്ഞു.
പാലക്കാടിന്റെ മനോഹരമായ ഉൾ ഗ്രാമങ്ങൾ, നെല്ലിയാമ്പതി, കൊച്ചി എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ് സ്വർണ്ണ മത്സ്യങ്ങൾ.
അങ്കമാലി ഡയറീസിൽ ശ്രദ്ധേയ കഥാപാത്രമായി തിളങ്ങിയ അന്നാ രാജൻ നായികയാകുന്ന ചിത്രത്തിൽ വളരെ പ്രതിഭയുള്ള ബാലതാരങ്ങളായ നൈഫ്, വിവിൻ വിത്സൻ, ആകാശ്, ജെസ്നിയ, കസ്തൂർബ എന്നിവരും സിദ്ധിഖ്, സുധീർകരമന, രസ്ന പവിത്രൻ, രാജേഷ് ഹൈബർ, സരയു, ബിജു സോപാനം, സ്നേഹ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വിവ ഇന്നിന്റെ ബാനറിൽ ഉത്തും ഹിതേന്ദ്ര താക്കൂരാണ് ചിത്രത്തിന്റെ നിർമാണം.ബിജിബാൽ സംഗീത സംവിധാനവും അഴകപ്പൻ ക്യാമറയും നിർവഹിച്ചിരിക്കുന്ന സ്വർണ്ണ മത്സ്യങ്ങളിൽ മുരുകൻ കാട്ടാക്കടയുടെ ഗാനങ്ങൾ വിനീത് ശ്രീനിവാസനും ജയചന്ദ്രനും ചേർന്ന് ആലപിച്ചിരിക്കുന്നു.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here