ഭിന്നശേഷിക്കാരുടെ പ്രഥമ ലോക ട്വന്റി -20 ക്രിക്കറ്റ് കിരീടം രാജ്യത്തിന് സമ്മാനിച്ച മലയാളി താരം അനീഷ് പി രാജന് ജന്മനാടിന്റെ ആദരം. ഇടുക്കി- പാറേമാവ് സ്വദേശിയാണ് ലോകകപ്പിലെ മികച്ച ബൗളര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ അനീഷ് രാജന്‍.

ദേശീയ ടീമില്‍ കളിക്കണമെന്ന ആഗ്രഹം സഫലമായതിനൊപ്പം ലോക കിരീട നേട്ടവും കൈവരിച്ച് നാട്ടില്‍ മടങ്ങിയെത്തിയ അനീഷ് പി രാജന് ആദരവുമായി നിരവധി പേരാണ് എത്തുന്നത്. ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയില്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഉപഹാരം സമര്‍പ്പിച്ചു. പാറേമാവിലെ വീട്ടിലേത്തിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുമോദനമറിയിച്ചത്.
ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് 29 കാരനായ ഈ ഇടം കയ്യന്‍ ബൗളര്‍.

ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കേരള ടീം ക്യാപ്റ്റനാണ് അനീഷ്. ജന്മനാ വലത് കൈപ്പത്തി ഇല്ലാത്ത അനീഷ് പരിമിതികളെ മറികടന്ന് മുന്നേറുകയാണ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് റോമിയോ സെബസ്റ്റിയന്‍, മുന്‍ എംപി അഡ്വ. ജോയിസ് ജോര്‍ജ്, ദ്രോണാചാര്യ KP തോമസ് മാഷ് തുടങ്ങിയവരും അനുമോദന പരിപാടിയില്‍ പങ്കെടുത്തു.