യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ വന്‍ അട്ടിമറി. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. സ്വിസ് താരം ബെലിന്‍ഡ ബെന്‍സിച്ചാണ് ഒസാക്കയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബെന്‍സിച്ചിന്റെ വിജയം. സ്‌കോര്‍ 7-5, 6-4.

ഈ വര്‍ഷം മൂന്നാം തവണയാണു പതിമൂന്നാം സീഡായ ബെന്‍സിച്ച് ഒസാക്കയെ തോല്‍പ്പിക്കുന്നത്. നേരത്തെ ഇന്ത്യന്‍ വെല്‍സിലും മാഡ്രിഡിലും ബെന്‍സിച്ച് ഒസാക്കയെ വീഴ്ത്തിയിരുന്നു. ഡോണ വെകിച്ചാണു ക്വാര്‍ട്ടറില്‍ ബെന്‍സിച്ചിന്റെ എതിരാളി.

ഈ തോല്‍വിയോടെ ലോക ഒന്നാം നമ്പര്‍ സ്ഥാനം ഒസാക്കയ്ക്കു നഷ്ടമാവും. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി ഒന്നാം സ്ഥാനത്തു തിരിച്ചെത്തും. കഴിഞ്ഞ വര്‍ഷം സെറീന വില്ല്യംസിനെ അട്ടിമറിച്ചാണ് ഒസാക്ക കന്നി ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്.