ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കനത്ത ആഘാതമാണ് പൗരത്വ ബില്‍ പാസായതോടെ ഉണ്ടായത്: പി രാജീവ്

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത ആഘാതമാണ് പൗരത്വ ബില്‍ പാസായതോടെ ഉണ്ടായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്. പൗരത്വ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുന്നേ തടയേണ്ടതായിരുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയെ പൂര്‍ണമായും തകര്‍ത്ത് മുസ്ലിം വിഭാഗത്തെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ‘കശ്മീര്‍ പ്രശ്നവും ഇന്ത്യന്‍ ജനാധിപത്യവും’ വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുത്തലാഖ് ബില്‍, 370-ാം വകുപ്പ് ഇല്ലാതാക്കിയത്, പൗരത്വനിയമ ഭേദഗതിബില്‍ എന്നിവ ഭരണഘടനയെ വെല്ലുവിളിക്കുന്നതും മതനിരപേക്ഷത തകര്‍ക്കുന്നതും ജനാധിപത്യം ഇല്ലാതാക്കുന്നതുമാണ്. എല്ലാ വിഭാഗത്തിനും തുല്യതയോടെ ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയണം. ജനാധിപത്യം ദുര്‍ബലപ്പെടുന്നതിനെതിരെയുള്ള എതിര്‍പ്പും പ്രതിരോധവും വിശാലതലത്തില്‍ ഉണ്ടാകണം.

ഭരണഘടനയുടെ അടിസ്ഥാനശിലയെ തള്ളി നിയമനിര്‍മാണം നടത്താന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാരിന്റേത് സംഭവങ്ങളെ വൈകാരികമായി അവതരിപ്പിച്ച് നുണകള്‍ പ്രചരിപ്പിക്കുന്ന തന്ത്രമാണ്. ഇങ്ങനെ ഓരോന്ന് കൊണ്ടുവന്ന് രാജ്യത്തിന്റെ മതനിരപേക്ഷതയെ നശിപ്പിക്കുമ്പോള്‍ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെ സര്‍ക്കാര്‍ മറക്കുകയാണ്.

സത്യവും നുണയും തിരിച്ചറിയാതാക്കുന്ന പ്രചാരവേല നടക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്ന നടപടികള്‍ മതാധിഷ്ഠിതവ്യവസ്ഥയിലേക്കും ജനാധിപത്യത്തില്‍നിന്ന് ഏകാധിപത്യത്തിലേക്കുമുള്ള പ്രയാണമാണെന്നും പി രാജീവ് പറഞ്ഞു.

കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി. ആര്‍ രാമചന്ദ്രന്‍ എംഎല്‍എ, നോര്‍ക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡി സുരേഷ് കുമാര്‍, ബീനാ സജീവ്, കെ പി സജിനാഥ്, എക്സ് ഏണസ്റ്റ്, മോഹനചന്ദ്രന്‍, സബീബുള്ള എന്നിവര്‍ സംസാരിച്ചു. സെമിനാറിനു മുന്നോടിയായി കവിയരങ്ങ് നടന്നു.

വെള്ളിയാഴ്ച പകല്‍ രണ്ടിന് ബി വസന്തകുമാരിയുടെ ചിത്ര പ്രദര്‍ശനം, വൈകിട്ട് 4.30ന് ഹ്രസ്വ ചിത്ര പ്രദര്‍ശനം, സര്‍ഗോത്സവം എന്നിവ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here