കൊറോണയില്‍ വിറച്ച് ചൈന; മരണം 41; രോഗം ബാധിച്ചവര്‍ 1300 കടന്നു; അതീവ ജാഗ്രതയില്‍ ചൈന

ബീജിങ്‌: കൊറോണ വൈറസ്‌ ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഉയരുന്നതിനിടെ ചൈന രോഗപ്പടർച്ച തടയാൻ നടപടികൾ തീവ്രമാക്കി.

രോഗബാധിതരിൽ ഭൂരിപക്ഷവുമുള്ള വുഹാനിലെ ആശുപത്രികളിലേക്ക്‌ ചൈനീസ്‌ സേനയിലെ 450 വിദഗ്ധ ഡോക്ടർമാരെക്കൂടി നിയോഗിച്ചു.

ഇതിനകം ഒരു ഡോക്ടറടക്കം 41 പേരാണ്‌ കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചത്‌. 1300ൽപ്പരം ആളുകൾക്ക്‌ വൈറസ്‌ബാധ സ്ഥിരീകരിച്ചു.

ഫ്രാൻസ്‌, ഓസ്‌ട്രേലിയ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങളിൽക്കൂടി വൈറസ്‌ബാധ സ്ഥിരീകരിച്ചു. ചൈനയ്‌ക്കുപുറമേ 10 രാജ്യങ്ങളിലാണ്‌ രോഗമുള്ളത്‌.

രോഗം നിയന്ത്രിക്കാൻ ചൈന അതീവ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന കൊറോണ വൈറസ്‌ ബാധയെ ആഗോള അടിയന്തരപ്രശ്‌നമായി പ്രഖ്യാപിച്ചിട്ടില്ല.

വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരം ഉൾപ്പെടുന്ന ഹൂബെയ്‌ പ്രവിശ്യയിൽ അഞ്ച്‌ നഗരത്തിൽക്കൂടി യാത്രാനിയന്ത്രണം ഏർപ്പെടുത്തി.

ബീജിങ്ങിലെ പ്രധാന റെയിൽവേ സ്‌റ്റേഷനിലടക്കം സുരക്ഷാ സ്യൂട്ട്‌ ധരിച്ച തൊഴിലാളികൾ യാത്രക്കാരുടെ ശരീരതാപനില പരിശോധിക്കുന്നുണ്ട്‌.

ചൈനീസ്‌ പുതുവർഷ അവധി കഴിഞ്ഞാലും വിദ്യാലയങ്ങൾ ഫെബ്രുവരി 17 വരെ തുറക്കില്ല.

ഇതുവരെ രോഗം ബാധിച്ചവരിൽ 237 പേർക്ക്‌ ഗുരുതരമാണ്‌. 1965 പേരെ പ്രത്യേകം നിരീക്ഷിക്കുന്നു.

41 പേർ മരിച്ചതിൽ 39ഉം വുഹാനിലാണ്‌. വടക്കുകിഴക്കൻ പ്രവിശ്യയായ ഹെയ്‌ലാങ്‌ജിയാനിൽ ഒരാൾ മരിച്ചു. വൈറസ്‌ ബാധിതരിൽ 15 പേർ ആശുപത്രി ജീവനക്കാരാണ്‌. ഗുരുതരമായ സ്ഥിതിയാണ്‌ നേരിടുന്നത്‌.

ഈ പോരാട്ടത്തിൽ ചൈനയ്‌ക്ക്‌ ജയിക്കാനാകുമെന്ന്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്‌ പറഞ്ഞു. സുതാര്യമായി കൃത്യമായ നടപടികൾ സ്വീകരിക്കുന്ന ചൈനയെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News