കേരളം സാക്ഷ്യം വഹിച്ചത് അസാധാരണമായ ഒരു ബഹുജന മുന്നേറ്റത്തിന്; അശോകൻ ചരുവിൽ

അസാധാരണമായ ഒരു ബഹുജന മുന്നേറ്റത്തിനാണ് ഇന്നലെ കേരളം സാക്ഷ്യം വഹിച്ചതെന്ന് ചെറുകഥാകൃത്ത് അശോകൻ ചരുവിൽ. തന്റെ ജീവിതത്തിൽ ഇത്രയും ജനപങ്കാളിത്തമുള്ള ഒരു പ്രസ്ഥാനത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അശോകൻ ചരുവിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ;

‘അസാധാരണമായ ഒരു ബഹുജന മുന്നേറ്റത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. ആറു പതിറ്റാണ്ട് പിന്നിട്ട എന്റെ ജീവിതത്തിൽ ഇത്രയും ജനപങ്കാളിത്തമുള്ള ഒരു പ്രസ്ഥാനത്തിൽ ഞാൻ ഉൾപ്പെട്ടിട്ടില്ല. മുൻപ് നടന്ന മനുഷ്യമതിലുകളിലും ചങ്ങലകളിലും രാഷ്ട്രീയ പ്രവർത്തകരും കുടുംബാഗങ്ങളും പിന്നെ ക്ഷണിച്ചു കൊണ്ടുവരുന്ന വിശിഷ്ട വ്യക്തികളുമാണ് പങ്കെടുത്തു കണ്ടിട്ടുള്ളത്. അവയൊന്നും മോശപ്പെട്ടവയായിരുന്നില്ല. എന്നാൽ സാധാരണ ജനങ്ങൾ; വിശേഷിച്ചും വീട്ടമ്മമാരും യുവാക്കളും ഒഴുകിയെത്തുകയായിരുന്നു. സംഘാടകരുടെ എല്ലാ കണക്കുകളം അതിലംഘിക്കപ്പെട്ടു. ഇതുവരെ വീടിനു പുറത്തിറങ്ങാത്ത പലരേയും അവിടെ കണ്ടു.

പ്രളയകാലത്ത് നാം കണ്ടതാണ് ഒരു ജനതയുടെ ആത്മശക്തിയുടെ ഉണർവ്. മനുഷ്യൻ മഹത്വമേറുന്ന പദമായി മാറുന്നത് അങ്ങനെയാണ്. അതുവരെ സ്വാർത്ഥതയും അതിന്റെ കണക്കുമായി കൂട്ടിക്കിഴിച്ചു കഴിഞ്ഞിരുന്നവർ, അപരനായി ശരീരവും മനസ്സും ഹോമിക്കുന്ന കാഴ്ച. മുതുക് ചവിട്ടുപടിയായത്. ജീവിതമത്സരത്തിന്റെ ഭാഗമായി ചില്ലറ കുശുമ്പും കുന്നായ്മയും തെല്ലു മതവിദ്വേഷവും ജാതിയും അഹന്തയും അസൂയയുമായി കഴിഞ്ഞിരുന്നവരാണ്; മഹത്തായ മനുഷ്യസ്നേഹത്താൽ പ്രേരിതനായി ഇന്നു തെരുവിലത്തിയത്. അനിവാര്യമായ സന്ദർഭങ്ങളിൽ അത്ഭുതകരമായി ഉണരുന്ന ഇത്തരം വിവേകത്തിന്റെ സാന്നിദ്ധ്യം കൊണ്ടാവണം മനുഷ്യവംശം ഇങ്ങനെ നിലനിന്നുപോകുന്നത്.

ഇന്ന് കേരളം ഒന്നാകെ ഒരു പരമോന്നത നീതിന്യായ പീoമായി മാറുകയായിരുന്നു. വിധി ഇങ്ങനെ: “കേരളത്തിലെ മതേതരവാദിയായ അവസാനത്തെ മനുഷ്യനും മരിച്ചുവീഴുന്നതു വരെ ഇവിടെയുള്ള ഒരു മനുഷ്യന്റെയും പൗരത്വത്തെ മതത്തിന്റെ പേരിൽ ചോദ്യം ചെയ്യാൻ ഒരു ശക്തിക്കും കഴിയില്ല. കേരളം അതിനെ അനുവദിക്കുന്നതല്ല.”

കേരളീയൻ എന്നതിൽ വീണ്ടും വീണ്ടും അഭിമാനം.

അശോകൻ ചരുവിൽ
26 01 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News