എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തുന്ന വിലാപസ്വരങ്ങള്‍ തന്നു കൊണ്ട് ഒരു മഹാമാരി നമ്മെ വലയം ചെയ്യുകയാണ്. നിബിഡസ്ഥലികളില്‍ ഉഗ്രപ്രതാപിയായി നിലകൊള്ളുന്ന ഒരണുവിന്റെ ചെറു സൈന്യം തരുന്ന ഏകാന്ത മൗനത്തിന്റെ വിസ്തൃതി വലുതാണ്.
എങ്കിലും അതിനെ ചെറുത്തു തോല്‍പിക്കുന്ന അതിജീവനത്തിന്റെ മൃദു മന്ത്രധ്വനികള്‍ പ്രണയാക്ഷര സംഗീതമായി നമ്മളില്‍ നിറയ്ക്കുന്ന എം.ഡി.മനോജ് എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്ന് പാടുകയാണ് ദേവരാജന്‍ മാഷിന്റെ പ്രിയശിഷ്യനും പ്രശസ്ത പിന്നണി ഗായകനുമായ വിജേഷ് ഗോപാല്‍.
മലയാളത്തിലേയും തെന്നിന്ത്യയിലെയും സിനിമ സംഗീത മേഖലയിലെ പ്രതിഭകളെ കുറിച്ചെഴുതിയ ലേഖനങ്ങളില്‍ പ്രകടമാകുന്ന മനോജിന്റെ അഗാധമായ നിരീക്ഷണപാടവം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.
മനോജിന്റെ ഗാനരചനകള്‍ തികച്ചും കാവ്യാത്മകവും മനോഹരവുമാണ്. ദീപാങ്കുരന്റെ സംഗീതത്തില്‍ വിജേഷ് ഗോപാല്‍ പാടിയ ‘മുത്തുമണി രാധേ’ എന്ന ഒറ്റ ഒരു ഗാനം മാത്രം മതി ഈ പാട്ടുകാരന്റെ കഴിവ് നമുക്ക് അറിയാന്‍.
ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യത്വവും ശാസ്ത്രീയ സംഗീതത്തിലുള്ള ശക്തമായ അടിത്തറയും വിജേഷിനെ വേറിട്ട് നിര്‍ത്തുന്നു. തീര്‍ച്ചയായും വിജേഷിന് ആലാപനത്തോടൊപ്പം സംഗീത സംവിധാനത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകുക തന്നെ ചെയ്യും…
ഈ കോവിഡ് കാലത്തെ ഇവരുടെ സൃഷ്ടിയില്‍ ഉടലെടുത്ത ഈ മധുരകാവ്യം ഇവരുടെ കഴിവുകളുടെ ഒരളവ് കോല്‍ തന്നെയാകുന്നു.
ആലാപനവും സംഗീതവും നിര്‍വഹിച്ചതിനോടൊപ്പം വാദ്യോപകരണങ്ങള്‍ വായിച്ചതും വിജേഷ് തന്നെയാണ്. വീഡിയോയുടെ എഡിറ്റിംഗ് വിഘ്നേഷ് ജയന്‍ (Mallu.Viner) ആണ്. ഈ വീഡിയോ സാക്ഷാത്ക്കരിക്കുന്നത് വസന്തഗീതങ്ങള്‍ ഫെയ്സ് ബുക്ക് കൂട്ടായ്മയാണ്.
Get real time update about this post categories directly on your device, subscribe now.