അന്വേഷണം ആ വഴിക്ക് നടക്കട്ടെ; പുകമറയ്ക്കൊക്കെ ചെറിയ ആയുസ്സേ ഉള്ളൂ: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വേവലാതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കുറ്റവാളികള്‍ എല്ലാം പിടിക്കപ്പെടട്ടെ. തെറ്റ് ചെയ്തിട്ടുള്ള ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല എന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഡബ്ല്യുസിയെ സംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഒരു കുറിപ്പെഴുതിയാല്‍ അത് ഉത്തരവാകില്ല. അതിന്മേല്‍ തീരുമാനമെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്. പിഡബ്ള്യുസിക്ക് സെക്രട്ടറിയറ്റില്‍ ഓഫീസ് തുറന്നിട്ടില്ല. ശിവശങ്കര്‍ തെറ്റ് ചെയ്തെങ്കില്‍ ഒരു രക്ഷയും അദ്ദേഹത്തിന് കിട്ടില്ലെന്ന് ഇതുവരെയുള്ള നടപടികളാല്‍ മനസിലാകില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഇടിവു വന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണ്. സംസ്ഥാന സെക്രട്ടറിയറ്റില്‍ പങ്കെടുക്കുന്ന ആളാണ് താന്‍. അവിടെ അത്തരമൊരു വിലയിരുത്തല്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിക്കാമോ എന്ന് പലരും ശ്രമിക്കുന്നുണ്ട്. കേസ് വന്നയുടനെ ഒരു നേതാവ് പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിലേക്ക് വിളി വന്നുവെന്നാണ്. എവിടുന്ന് കിട്ടിയ വിവരമാണത്. ബോധപൂര്‍വം സംഘടിപ്പിച്ച പ്രചാരവേലയാണ് ഇത്. സര്‍ക്കാരിനെതിരെ പ്രചരണം ആരംഭിക്കണമെന്ന് അവര്‍ നേരത്തേ തീരുമാനിച്ച കാര്യമാണ്.

കഴിഞ്ഞ കാലത്തേതുപോലെയാണോ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്? അത് അറിയാത്തവരാണോ ഈ നാട്ടിലുള്ളത്? ജനങ്ങളാണ് ഇതിനെല്ലാം വിധികര്‍ത്താക്കള്‍. പുകമറയ്ക്കൊക്കെ ചെറിയ ആയുസ്സേ ഉള്ളൂ. സത്യങ്ങളും വസ്തുതകളും പുറത്തുവരും. അപ്പോള്‍ ഈ പ്രചരണമൊക്കെ വന്നതുപോലെ തിരിച്ചുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here